അര്‍ജുന്‍ എരിഗെയ്സി ഇന്ത്യന്‍ ചെസ്സിലെ വിസ്മയമായി മാറിയിരിക്കുകയാണ് തെലുങ്കാനയിലെ വാറംഗലില്‍ നിന്നുള്ള 20 കാരനായ ഈ യുവാവ്. ലോകറാങ്കിംഗില്‍ (ലൈവ് റാങ്കിംഗ്) നാലാം സ്ഥാനത്ത് നിലകൊള്ളുകയാണ് അര്‍ജുന്‍ എരിഗെയ്സി ഇപ്പോള്‍. കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യനായ ഡി.ഗുകേഷിന് ഏഴാം റാങ്ക് മാത്രമാണ് ഉള്ളത്. പ്രജ്ഞാനന്ദയ്‌ക്കാകട്ടെ എട്ടാം റാങ്കും. .വിശ്വനാഥന്‍ ആനന്ദ് 11റാങ്കിലാണ് നില്‍ക്കുന്നത്.
ഈയിടെ നടന്ന ഫ്രഞ്ച് ലീഗ് ചെസ്സില്‍ തുടര്‍ച്ചയായ ജയങ്ങള്‍ നേടുകവഴിയാണ് അര്‍ജുന്‍ എരിഗെയ്സിയുടെ റേറ്റിംഗും റാങ്കും ഉയര്‍ന്നത്. ജര്‍മ്മനിയുടെ വിറ്റലി കുനിന്‍, സ്പെയിന്റെ അലൊന്‍സോ റൊസ്സല്‍, ഇന്ത്യയുടെ പെന്‍റല ഹരികൃഷ്ണ, ലോയിക് ട്രാവഡൊന്‍, അമിന്‍ ബാസിന്‍, അലന്‍ പിചൊട്ട്, കാര്‍ത്തിക് വെങ്കിട്ടരാമന്‍, ഡേവിഡ് ഗാര്‍ലെസ്ക്യു, ബോബി ചെംഗ് തുടങ്ങിയവരെ അര്‍ജുന്‍ എരിഗെയ്സി തോല്‍പിച്ചിരുന്നു. അജയ്യമായ ഈ മുന്നേറ്റമാണ് അര്‍ജുന്‍ എരിഗെയ്സിയെ ലോക നാലാം നമ്പര്‍ എന്ന ലൈവ് റാങ്കിംഗിലേക്ക് ഉയരാന്‍ സഹായിച്ചത്.
ലൈവ് റാങ്കിങ്ങില്‍ മാഗ്നസ് കാള്‍സന്‍ (ഒന്നാം റാങ്ക്, ഹികാരു നകാമുറ (രണ്ടാം റാങ്ക്), ഫാബിയാനോ കരുവാന (മൂന്നാം റാങ്ക് ) എന്നിവര്‍ മാത്രമാണ് അര്‍ജുന്‍ എരിഗെയ്സിയേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്.
2023 ഡിസംബറിന് ശേഷം ഇതുവരെ അദ്ദേഹം ഏകദേശം 58 റേറ്റിംഗ് പോയിന്‍റുകളാണ് നേടിയത്. ഇതോടെ അദ്ദേഹം 30 റാങ്കില്‍ നിന്നും നാലാം റാങ്കിലേക്ക് ഉയരുകയായിരുന്നു. ഈ കാലഘട്ടത്തില്‍ അദ്ദേഹം ഒട്ടേറെ ടൂര്‍ണ്ണമെന്‍റില്‍ മികച്ച പ്രകടനമാണ് നടത്തിയത്. “ഒരു പരിപൂര്‍ണ്ണഭ്രാന്തനാണ് അര്‍ജുന്‍ എരിഗെയ്സി. ചെസ് ബോര്‍ഡില്‍ എതിരാളിയെ കൊല്ലുക എന്നതിനപ്പുറം അദ്ദേഹത്തിന് മറ്റൊരു ലക്ഷ്യമില്ല. കളിക്ക് മുന്‍പുള്ള ഒരുക്കവും അങ്ങേയറ്റം വിജയിക്കണമെന്ന ആഗ്രഹത്തോടെയുള്ള കളിയും അദ്ദേഹത്തെ അപകടകാരിയാക്കുന്നു”- അര്‍ജുന്‍ എരിഗെയ്സിയെക്കുറിച്ച് ലോകത്തിലെ അജയ്യനായ ചെസ് മാന്ത്രികന്‍ മാഗ് നസ് കാള്‍സന്‍ പറയുന്നു.
14ാം വയസ്സില്‍ ഗ്രാന്‍റ് മാസ്റ്ററായ കളിക്കാരനാണ് അര്‍ജുന്‍ എരിഗെയ്സി. 2023ല്‍ സിംഗപ്പൂരിലെ ക്വാന്‍റ് ബോക്സ് എന്ന കമ്പനി അഞ്ച് വര്‍ഷത്തേക്ക് 15 ലക്ഷം ഡോളറിന്റെ സ്പോണ്‍സര്‍ഷിപ്പാണ് അര്‍ജുന്‍ എരിഗെയ്സിക്ക് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: