കോട്ടയം: സംസ്ഥാനത്തെ ടൂറിസം ഹബ്ബാക്കുമെന്ന കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തില്‍ ആഹ്ലാദത്തിലാണ് കുമരകം.
2000 ഡിസംബറില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് അവധിക്കാലം ചെലവഴിക്കുന്നതിനായി ഒരാഴ്ച കുമരകത്ത് തങ്ങിയതോടെയാണ് കുമരകം രാജ്യാന്തര ടൂറിസം മാപ്പില്‍ ഇടംനേടിയത്. ഇതിന് ശേഷം കുമരകത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിക്കപ്പെട്ടെങ്കിലും ഒന്നിലും പൂര്‍ണ്ണത കൈവന്നില്ല.
നിലവില്‍ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുമരകം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വളരെയധികം കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴയ്‌ക്കൊപ്പം കായല്‍ ടൂറിസത്തിന്റെ പുതിയ പടവുകള്‍ കീഴടക്കാന്‍ കാത്തിരിക്കുകയാണ് കുമരകം.
പ്രതീക്ഷകളേകി സ്വദേശ് ദര്‍ശന്‍ സ്‌കീം 2.0 ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കുമരകത്തിന് പ്രതീക്ഷയേകി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദര്‍ശന്‍ സ്‌കീം 2.0 പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുമരകത്തെ വിവിധ ടൂറിസം പദ്ധതികള്‍ക്കായി 70 കോടി രൂപയാണ് ഇതിലൂടെ വകയിരുത്തിയിരിക്കുന്നത്.
പക്ഷിസങ്കേതത്തിനും വേണം വികസനം
വേമ്പനാട്ട് കായലിന്റെ തീരത്ത് 14 ഏക്കറിലായി കിടക്കുന്ന കുമരകം പക്ഷിസങ്കേതം നിലവില്‍ കെ.റ്റി.ഡി.സിയുടെ നിയന്ത്രണത്തിലാണ്. പക്ഷിസങ്കേതം എക്കോ ടൂറിസം കേന്ദ്രമാക്കുന്നതിനുള്ള പദ്ധതികളും നടപ്പാകാനുണ്ട്. പക്ഷിസങ്കേതത്തിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്കായി വിശ്രമകേന്ദ്രം, കൂടുതല്‍ ശുചിമുറികള്‍ തുടങ്ങിയവ നാളുകളായുള്ള ആവശ്യമാണ്. കായല്‍ ഭൂപ്രകൃതിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമമായതിനാല്‍ വെള്ളപ്പൊക്ക സമയത്ത് വലിയ ബുദ്ധിമുട്ടാണ്. റോഡുകളും പാലങ്ങളും തകരുന്നതും പതിവാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് മികച്ച മാലിന്യ സംസ്‌കരണം, വിനോദ കേന്ദ്രങ്ങള്‍ക്കു സമീപം സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ അവശ്യമാണ്.
അന്തര്‍ദേശീയ പരിപാടികളുടെ വേദി; കുമരകം ടൂറിസം ഇനി വേറെ ലെവല്‍
ജി 20 പോലുള്ള അന്തര്‍ദ്ദേശീയ മീറ്റിങ്ങുകള്‍ നടത്തിയതിലൂടെ ശ്രദ്ധാകേന്ദ്രമായ കുമരകത്തിന് ഇനിയും പ്രതീക്ഷകളുണ്ട്. നാലുപങ്കിലെ ബോട്ട് ടെര്‍മിനല്‍ പ്രയോജന പ്രദമാക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യവും നടപ്പാകാനുണ്ട്. കോവിഡ് കാലത്തിനു മുമ്പ് നടത്തിയിരുന്ന കുമരകം ഫെസ്റ്റിലൂടെ ഗ്രാമീണ ടൂറിസത്തിന് വലിയ സാധ്യതകള്‍ തുറന്നിരുന്നു. സ്വദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ മികച്ചൊരു വരുമാനമാര്‍ഗവും ഫെസ്റ്റ് ലക്ഷ്യമിടുന്നു.
ഇത് വിപുലമാക്കുന്നതിനുള്ള പദ്ധതികള്‍ ആവശ്യമാണ്. കേന്ദ്ര സഹായം ലഭിക്കുമ്പോള്‍ കുമരകത്തിന്റെ ടൂറിസം വികസനത്തിന് കുതിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: