Entertainment

വീട്ടില്‍ വേശ്യാലയം നടത്തുന്നുവെന്ന് മാസിക;കാരണം അറിയാതെ ഞങ്ങള്‍ ഇരുന്ന് കരയുമായിരുന്നു;കനി കുസൃതി

Published by

കാന്‍ ചലച്ചിത്ര മേളയില്‍ മലയാളികള്‍ക്ക് അഭിമാനമായി മാറിയ നടിയാണ് കനി കുസൃതി. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റുമായാണ് കനി കുസൃതിയും ദിവ്യ പ്രഭയും കാനിലെത്തിയത്. ചിത്രം കാനില്‍ പുരസ്‌കാരം നേടി ചരിത്രം കുറിക്കുകയും ചെയ്തു. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുര്‌സകാരമടക്കം നേടിയിട്ടുണ്ട് കനി കുസൃതി. അഭിനയത്തിന് പുറമെ തന്റെ നിലപാടുകളിലൂടേയും കനി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

കാനില്‍ പലസ്തീന് പിന്തുണയറിയിച്ചും കനി വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തു. ഇതിനിടെ ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് കനി കുസൃതി. കുട്ടിക്കാലത്ത് തന്നേയും കുടുംബത്തേയും കുറിച്ച് ഗോസിപ്പുകള്‍ പ്രചരിപ്പിക്കുമായിരുന്നു എ്ന്നാണ് കനി പറയുന്നത്. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് കേരളയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സമൂഹം കനിയേയും മാതാപിതാക്കളേയും കാണുന്ന രീതി ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കനി.

കുട്ടിക്കാലത്തൊക്കെ ഒന്നോ രണ്ടോ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നേയുള്ളൂ. ചിലപ്പോള്‍ ഇഷ്ടമുള്ള ബന്ധുക്കളില്‍ ആരെങ്കിലും അച്ഛനേയും അമ്മയേയും കുറിച്ച് എന്തെങ്കിലും കമന്റ് പറഞ്ഞാല്‍ അതെന്താ അങ്ങനെ പറഞ്ഞത് എന്ന് തോന്നിയിട്ടുണ്ട് എന്നാല്ലാതെയൊന്നും ഇല്ലെന്നാണ് താരം പറയുന്നത്. പിന്നാലെയാണ് കനി തങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകളെക്കുറിച്ച് സംസാരിക്കുന്നത്.

ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എന്റേയും മൈത്രേയന്റേയും ജയശ്രീ ചേച്ചിയുടേയും എന്റേയും ഫോട്ടോകള്‍ ഫയര്‍, ക്രൈം മാസികകളില്‍ വന്നിട്ടുണ്ട.് ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴേ വന്നിട്ടുണ്ട്. ഇവര്‍ ഇവിടെ വേശ്യാലയം നടത്തുകയാണ്, അച്ഛനും ഈ കുട്ടിയെ എന്തെങ്കിലുമൊക്കെ ചെയ്തു കാണും എന്നൊക്കെ പറഞ്ഞായിരുന്നു എഴുതിയിരുന്നത്. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലമാണെന്ന് ഓര്‍ക്കണം, കനി പറയുന്നു.

ഞാന്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിച്ചത്. എല്ലാ തരം കുട്ടികളുമുണ്ടായിരുന്നു. അധ്യാപകരൊക്കെ കണ്‍വെന്‍ഷനലാണ്. ഇതൊക്കെ അവരും കണ്ടു കാണും. എന്റെ വീടിന്റെ മുന്നിലുള്ള കടയിലാണ് ഇതൊക്കെ തൂങ്ങി കിടത്തുന്നത്. എന്നോട് ആരുമൊന്നും പറഞ്ഞിട്ടില്ല. പക്ഷെ ചിലര്‍ അകലം പാലിക്കുകയും, അടുത്ത കൂട്ടുകാരോട് വീട്ടില്‍ നിന്നും അച്ഛനും അമ്മയും കനിയോട് മിണ്ടരുത് എന്ന് പറയുക ഒക്കെ ഉണ്ടായിട്ടുണ്ട്. എന്താണ് കാരണം എന്നറിയാതെ ഞങ്ങള്‍ ഇരുന്ന് കരയുമായിരുന്നുവെന്നും കനി പറയുന്നു.

അതൊക്കെ ഞാനും മൈത്രേയും ജയശ്രീ ചേച്ചിയും ഇരുന്ന് സംസാരിക്കുമായിരുന്നു. ഇങ്ങനൊക്കെ ആളുകള്‍ പറയുമെന്ന് അറിയാമായിരുന്നു. എനിക്ക് ആ ക്ലാരിറ്റി ഉണ്ടായിരുന്നു. ആ സമയത്ത് അവര്‍ ലൈംഗിക തൊഴിലാളികള്‍ക്ക് വേണ്ടിയും എല്‍ജിബിടിക്യു കമ്യൂണിറ്റിയ്‌ക്ക് വേണ്ടിയുമൊക്കെ പ്രവര്‍ത്തിക്കുന്ന കാലമാണ്. ഒരുപാട് ആളുകള്‍ വീട്ടില്‍ വന്നു പോകുമായിരുന്നു എന്നും കനി പറയുന്നു.

വീടിന്റെ ഉടമ പരിഷത്തിന്റെ ആളായിരുന്നു. അദ്ദേഹം ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷെ ചുറ്റുമുള്ളവര്‍ ഇവിടെ അനാശാസ്യം നടക്കുന്നുവെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കുമായിരുന്നു. അങ്ങനൊക്കെയാണ് ഞാന്‍ വളര്‍ന്നു വന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കാണുന്നതിലും ഒരുപാട് നേരിട്ട് ഫെയ്‌സ് ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക