ആലപ്പുഴ: കാറിൽ നീന്തൽകുളം ഒരുക്കി യാത്ര ചെയ്ത യുട്യൂബർ സഞ്ജു ടെക്കി എന്ന ടി.എസ് സഞ്ജുവിന്റെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് ആജീവനാന്തം റദ്ദ് ചെയ്തു. വാഹനത്തിന്റെ റജിസ്ട്രേഷനും ഒരുവർഷത്തേക്ക് റദ്ദാക്കി. നീന്തൽക്കുളം ഒരുക്കിയ കാറോടിച്ചിരുന്ന സൂര്യ നാരായണന്റെ ലൈസൻസും ഒരു വർഷത്തേക്ക് റദ്ദ് ചെയ്തു. ആലപ്പുഴ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ ആർ.രമണനാണ് നടപടിയെടുത്തത്.
വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നാണ് സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തിൽ സഞ്ജു ടെക്കി വിശദീകരണം നൽകിയത്. അറിവില്ലായ്‌മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കരുതെന്നും വിശദീകരണത്തില്‍ സഞ്ജു ടെക്കി ആവശ്യപ്പെട്ടിരുന്നു. സഞ്ജു നല്‍കിയ മറുപടി പക്ഷെ
അംഗീകരിച്ചില്ല.
അതേസമയം കാനുള്ളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് കുളിച്ച് യാത്ര ചെയ്ത വ്ലോഗർ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹികസേവനം തുടരുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ 11നാണ് സാമൂഹിക സേവനം ആരംഭിച്ചത്. 15 ദിവസത്തേക്കാണ് ഇവർക്ക് ശിക്ഷ നൽകിയിരിക്കുന്നത്.
യൂട്യൂബിൽ നാല് ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിംഗ് പൂളൊരുക്കിയത്. കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക് ടർപോളിൻ കൊണ്ട് സ്വിമ്മിംഗ് പൂൾ തയ്യാറാക്കി. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ട്യൂബിൽ പോസ്റ്റ്
ചെയ്തിരുന്നു. അപകടകരമായ യാത്രക്കിടെ വാഹനത്തിലെ എയര്‍ ബാഗ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകിയതിന്റെ ദൃശ്യങ്ങള്‍ ഗതാഗത കമ്മിഷ്ണര്‍ക്ക് ലഭിച്ചതോടെയാണ് വിവാദമായത്. ഹൈക്കോടതിയും സ്വമേധയാ കേസെടുത്തിരുന്നു.
സഞ്ജുവിന്റെ വിഡിയോ നിയമലംഘനം പ്രോല്‍സാഹിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി വിഡിയോ പിന്‍വലിക്കണമെന്ന് യൂട്യൂബിനോട് അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: