തിരുവനന്തപുരം: മലയാളി പ്രവാസികള്‍ 2023ല്‍ നാട്ടിലേക്ക് അയച്ചത് 216893 കോടി രൂപ. 22 ലക്ഷം മലയാളികളാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്നത്. 2023ലെ കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. കുടിയേറ്റത്തിലെ പുതിയ പ്രവണതകള്‍ കേരളത്തിന്റെ ജനസംഖ്യാ ഘടനയിലും സമ്പദ് വ്യവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായും ഇക്കാര്യത്തില്‍ നയപരമായ ഇടപെടലുകള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഡോ. ഇരുദയ രാജന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
കോവിഡ് മഹാമാരിക്കാലത്തുണ്ടായ ഇടിവിനു ശേഷം 2023ല്‍ കേരളത്തിലേക്കെത്തുന്ന ആകെ പ്രവാസി പണത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. 2018ലെ കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ടില്‍ 85,092 കോടി രൂപയായിരുന്നു നാട്ടിലേക്കെത്തുന്ന ആകെ എന്‍ആര്‍ഐ പണമായി കണ്ടെത്തിയിരുന്നെങ്കില്‍ അഞ്ചു വര്‍ഷത്തിനിപ്പുറം അതില്‍ 154.9 ശതമാനം വര്‍ധനവു കാണിക്കുന്നു. പ്രവാസികള്‍ അവരുടെ കേരളത്തിലെ വീടുകളിലേക്ക് അയക്കുന്ന പണത്തിലും ഗണ്യമായ വര്‍ധന 2023ല്‍ കാണിക്കുന്നുണ്ട്. 37,058 കോടി രൂപ അയച്ചതായാണു സര്‍വേ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ എന്‍ആര്‍ഐ നിക്ഷേപങ്ങളില്‍ 21 ശതമാനം വിഹിതം കേരളത്തിന്റേതാണ്. 2019 മുതല്‍ ഈ കണക്കില്‍ സ്ഥിരത കാണിക്കുന്നുണ്ട്.
നാട്ടിലേക്കുള്ള എന്‍ആര്‍ഐ പണത്തിന്റെ അളവില്‍ വലിയ വര്‍ധനവുണ്ടെങ്കിലും കേരളത്തില്‍നിന്നുള്ള പ്രവാസികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഗണ്യമായ വര്‍ധയുണ്ടായിട്ടില്ലെന്നാണു റിപ്പോര്‍ട്ട് പറയുന്നത്. 2018ല്‍ 21 ലക്ഷമായിരുന്ന പ്രവാസികളുടെ എണ്ണം 2023ല്‍ 22 ലക്ഷത്തില്‍ എത്തി നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: