തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായി 220 അധ്യയന ദിവസങ്ങള്‍ ഉള്‍പ്പെടുത്തി അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിച്ച നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അദ്ധ്യാപക സംഘടനകള്‍ സമരം ശക്തമാക്കുന്നു. വിദ്യാഭ്യാസ മന്ത്രി ചേമ്പറില്‍ വിളിച്ചുചേര്‍ത്ത അടിയന്തര ക്യുഐപി യോഗം ധരാണയാകാതെ പിരിഞ്ഞതോടെ ഇന്ന് അവധിയെടുത്ത് പ്രതിഷേധിക്കണമെന്ന് എന്‍ടിയു സംസ്ഥാനപ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ആഹ്വാനം ചെയ്തു.
ഒന്നു മുതല്‍ 8 വരെ ക്ലാസുകളുടെ അധ്യയന ദിവസങ്ങളുടെ എണ്ണം പുനഃപരിശോധിക്കാമെന്ന് മന്ത്രി ഉറപ്പ് നല്കിയെങ്കിലും ആറാം പ്രവൃത്തിദിനമായ ജൂണ്‍ 15ന് അവധി നല്കണമെന്ന എന്‍ടിയുവിന്റെ ആവശ്യം അംഗീകരിക്കാന്‍ മന്ത്രി തയാറായില്ല.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്‍പി, യു പി വിഭാഗങ്ങള്‍ക്ക് യഥാക്രമം 800, 1000 അധ്യയന മണിക്കൂറുകള്‍ മതിയെന്നിരിക്കെയാണ് 220 പ്രവൃത്തി ദിനങ്ങള്‍ അടിച്ചേല്പിച്ചത്.
ഇത് നിയപ്രകാരം നിലനില്‍ക്കില്ലെന്ന ബോധ്യത്താലാണ് അക്കാര്യം പുനഃപരിശോധിക്കാന്‍ മന്ത്രി തയാറായത്. ഇന്ന് അവധി നല്കാന്‍ തയാറാകണമെന്നും എന്‍ടിയു യോഗത്തില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇന്ന് പ്രവൃത്തി ദിനമായിരിക്കുമെന്ന് മന്ത്രി കടുത്ത നിലപാടെടുത്തതോടെ അദ്ധ്യാപക സമൂഹത്തിന്റെ പ്രതിഷേധം തുടരുമെന്നും നിരാശയോടെ യോഗത്തില്‍ നിന്നിറങ്ങുന്നതായും ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: