തൃശ്ശൂര്‍: കുവൈറ്റ് ദുരന്തത്തില്‍ മരിച്ച ചാവക്കാട് തെക്കന്‍ പാലയൂര്‍ ബിനോയ് തോമസിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി.
മലയാളികളല്ല, ഭാരതത്തിന്റെ മക്കളാണ് അവരെന്നും ദുരന്തത്തില്‍ മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് വലിയ നഷ്ടമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വളരെ ഖേദകരമായ സംഭവമാണുണ്ടായത്. സംസ്ഥാനവും രാജ്യവും എന്നും പ്രവാസി സമൂഹത്തോട് കടപ്പെട്ടിരിക്കുന്നു. അപകട വിവരം അറിഞ്ഞത് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ മികച്ച രീതിയില്‍ കാര്യങ്ങള്‍ ഏകോപിപ്പിച്ചു.
മരിച്ചവരില്‍ കൂടുതലും ഭാരതീയരാണെന്ന് തിരിച്ചറിഞ്ഞതോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ മലയാളികളും ഭാരതീയരും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഉച്ചയ്ക്ക് 2.15-ന് പാലയൂരിലെ വീട്ടിലെത്തിച്ചു. സുരേഷ് ഗോപി കൊച്ചിയില്‍ നിന്ന് ആംബുലന്‍സിനെ അനുഗമിച്ചിരുന്നു.
വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ആദരാജ്ഞലി അര്‍പ്പിക്കാനായി വന്‍ ജനപ്രവാഹമാണ് ബിനോയ് തോമസിന്റെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. വൈകിട്ട് കുന്നംകുളം അടുപ്പൂട്ടി വി. നാഗല്‍ ഗാര്ഡന് സെമിത്തേരിയില്‍ മൃതദേഹം സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: