ചാവക്കാട് (തൃശ്ശൂര്‍): കുവൈറ്റ് മംഗഫില്‍ തീപ്പിടിത്തത്തില്‍ മരിച്ച തൃശ്ശൂര്‍ ചാവക്കാട് സ്വദേശി ബിനോയ് തോമസ് (44) യാത്രയായത് സ്വന്തമായി വീടെന്ന സ്വപ്നം ബാക്കിയാക്കി. സ്വന്തമായി വീടെന്ന ആഗ്രഹത്തോടെയാണ് ബിനോയ് കഴിഞ്ഞ ബുധനാഴ്ച കുവൈറ്റിലേക്ക് യാത്രയായത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുടുംബത്തെ വളരെയധികം അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
ബിനോയ് തോമസും കുടുംബവും ആദ്യം പാവറട്ടിയിലാണ് ഏഴു വര്‍ഷം വാടകയ്ക്ക് താമസിച്ചിരുന്നത്. കുവൈത്തിലേക്ക് മാറുന്നതിന് തൊട്ടുമുന്‍പാണ് സ്വന്തം പേരിലുള്ള മൂന്ന് സെന്റ് സ്ഥലത്ത് ഒരു ഷെഡ് കെട്ടി കുടുംബത്തെ അങ്ങോട്ട് മാറ്റി പാര്‍പ്പിച്ചത്. അവിടെ തന്നെ ഒരു കുഞ്ഞുവീട് പണിയണമെന്നായിരുന്നു ബിനോയിയുടെയും കുടുംബത്തിന്റെയും ആഗ്രഹം.
ഭാര്യ ജിനിതയും മക്കളായ ആദിയും ഇയാനും ഉള്‍പ്പെടെയുള്ള ചെറിയ കുടുംബമായിരുന്നു ബിനോയിയുടേത്. ഷെഡിന് കെട്ടിട നമ്പര്‍ കിട്ടിയത് അടുത്തിടെയാണ്. കഴിഞ്ഞ ഏതാനും ആഴ്ച മുമ്പാണ് ഷെഡില്‍ വൈദ്യുതി കണക്ഷന് പോലും ലഭിച്ചത്. പിഎംഎവൈ പദ്ധതിയില്‍ ആരംഭിച്ച വീടിന്റെ നിര്‍മാണം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ഷെഡ് മാറ്റി വീട് പണിയാനുള്ള പണം കണ്ടെത്താനാണ് പാവറട്ടിയിലെ ഫുട്വെയര് സ്ഥാപനത്തിലെ ജോലിയുപേക്ഷിച്ച് ബിനോയ് തോമസ് കുവൈറ്റിലേക്ക് പോയത്. കുവൈറ്റിലെ അപകടത്തെ കുറിച്ച് അറിഞ്ഞെങ്കിലും ബിനോയ് അതില്‍ ഉള്പ്പെട്ടിരിക്കില്ലെന്നാണ് കുടുംബം കരുതിയിരുന്നത്. കാരണം, ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം രണ്ടര വരെ ബിനോയ് ഭാര്യ ജിനിതയുമായി സംസാരിച്ചിരുന്നു. എന്നാല്‍ പിന്നീട് ബിനോയിയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഫോണ്‍ റിങ് ചെയ്യുക മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈകുന്നേരമായിട്ടും വിവരം ലഭിക്കാതെ വന്നതോടെ ബിനോയിയുടെ സുഹൃത്തുകള്‍ ഇടപെട്ട് കുവൈത്തിലുള്ള രണ്ട് സുഹൃത്തുകളെ നേരിട്ട് അന്വേഷിക്കാന്‍ അയച്ചു. ഇവര്‍ക്ക് ബിനോയിയുടെ ആധാര്‍ കാര്‍ഡും ചിത്രങ്ങളും അയച്ചു കൊടുത്തിരുന്നു.
ഈ സുഹൃത്തുകള്‍ എന്‍ബിടിസി ക്യാംപിലും പിന്നീട് ആശുപത്രിയിലും ബിനോയിക്കായി തെരച്ചില്‍ നടത്തി. ഒടുവില്‍ ആശുപത്രി മോര്‍ച്ചറിയിലെത്തി നടത്തിയ പരിശോധനയില്‍ ബിനോയിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്‍ബിടിസി കമ്പനിയുടെ ഹൈവേ സെന്റര്‍ എന്ന സ്ഥാപനത്തില്‍ സെയില്‍സ്മാനായാണ് ബിനോയ് കുവൈറ്റില്‍ എത്തിയത്. താമസം ചാവക്കാട് പാലയൂരിലാണെങ്കിലും തിരുവല്ലയിലെ ബന്ധങ്ങള്‍ വിട്ടിരുന്നില്ല. തിരുവല്ലയിലെ സുഹൃത്ത് സാബു വഴിയാണ് ജോലി ശരിയാക്കിയത്. തിരുവല്ല തോപ്പില്‍ ബാബു തോമസിന്റെയും മോളി (അന്നമ്മ) തോമസിന്റെയും മകനാണ് ബിനോയ് തോമസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: