അബുദാബി: ലുലു ഗ്രൂപ്പ് ചെയര്‍മാനും നോര്‍ക്ക വൈസ് ചെയര്‍മാനുമായ വ്യവസായി എം എ യൂസഫലി ലോക കേരള സഭയില്‍ പങ്കെടുക്കില്ലെന്നറിയിച്ചു. കുവൈറ്റ് ദുരന്തത്തെ തുടര്‍ന്നാണ് തീരുമാനം.
കുവൈറ്റ് അഗ്നിബാധയില്‍ ഉണ്ടായത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ദുരന്തമാണ്.മരിച്ച 49 പേരില്‍ 24 മലയാളികള്‍ ഉള്‍പ്പെടെ 46 പേരും ഇന്ത്യക്കാരാണ്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഇവര്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും ഉറപ്പാക്കുന്നതിനാണ് യാത്ര ഒഴിവാക്കുന്നതെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.
തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ആശ്വാസ ധനം നല്‍കുമെന്ന് എംഎ യൂസഫലി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നോര്‍ക്ക വഴിയായിരിക്കും ധനസഹായം നല്‍കുക.
ദുരന്തത്തില്‍ അതിയായ ദു:ഖം രേഖപ്പെടുത്തിയ യൂസഫലി പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: