Entertainment

മതവികാരം വ്രണപ്പെടുമെന്ന ഹിന്ദു വിഭാഗത്തിന്റെ ഹര്‍ജി;ആമിർ ഖാന്റെ മകൻ നായകനാകുന്ന ചിത്രത്തിന് ഗുജറാത്ത് ഹൈക്കോടതിയുടെ വിലക്ക്

Published by

ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ നായകനാകുന്ന ‘മഹാരാജ്’ എന്ന ചിത്രത്തിന്റെ റിലീസ് വിലക്കി ഗുജറാത്ത് ഹൈക്കോടതി. മതവികാരം വ്രണപ്പെടുമെന്ന ഹിന്ദു വിഭാഗത്തിന്റെ ഹര്‍ജിയിലാണ് നടപടി. ജൂണ്‍ 14ന് ചിത്രം നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.

1862ലെ മഹാരാജ് ലിബല്‍ കേസ് അടിസ്ഥാനമാക്കിയുള്ള ചിത്രം മതവികാരം വ്രണപ്പെടുത്തുമെന്ന് കാട്ടി കൃഷ്ണ-വല്ലഭാചാര്യ വിശ്വാസികളാണ് ഹര്‍ജി നല്‍കിയത്. ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെയില്‍ 1862ല്‍ നടന്ന ഒരു മാനനഷ്ടക്കേസാണ് മഹാരാജ് ലൈബല്‍ കേസ്.

പുഷ്ടിമാര്‍ഗ് എന്ന ആശ്രമവുമായി ബന്ധപ്പെട്ട് നടന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച നാനാഭായ് റുസ്തംജി റാനീനക്കും ലേഖനമെഴുതിയ കര്‍സന്ധാസ് മുല്‍ജിയ്‌ക്കും എതിരായി ആത്മീയനേതാവായിരുന്ന യാദുനാഥ്ജി ബ്രിജ്രതന്‍ജി മഹാരാജ് നല്‍കിയ കേസ് ആണ് മഹാരാജ് ലൈബല്‍ കേസ്.

സ്ത്രീകളായ ഭക്തരുമായി മഹാരാജ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട് എന്നതടക്കം ഗുരുതര ആരോപണങ്ങളാണ് കര്‍സന്ധാസ് മഹാരാജിനെതിരെ തന്റെ ലേഖനത്തില്‍ ഉന്നയിച്ചത്. തുടര്‍ന്ന് ബോംബെ ഹൈക്കോടതിയില്‍ മഹാരാജ് കര്‍സാന്ധാസിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു. 50000 രൂപയാണ് അന്ന് നഷ്ടപരിഹാരമായി മഹാരാജ് ആവശ്യപ്പെട്ടത്.

പുരോഹിതന്മാരെയും പുഷ്ടിമാര്‍ഗിലെ തന്നെ മറ്റ് മതാചാര്യന്മാരെയും ഭക്തരെയും പങ്കെടുപ്പിച്ച് നടത്തിയ വിചാരണയ്‌ക്കൊടുവില്‍ കേസ് കര്‍സാന്ധാസിന് അനുകൂലമായി വിധിക്കുകയാണുണ്ടായത്. അതേസമയം, സിനിമയുടെ ടീസറോ പ്രമോഷനോ തുടങ്ങി യാതൊരു ബഹളവുമില്ലാതെ ആയിരുന്നു സിനിമ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.

സഹതാരമായ ജയ്ദീപ് അഹ് ലവതിനൊപ്പം ജുനൈദ് നില്‍ക്കുന്ന ഒരു പോസ്റ്റര്‍ മാത്രമാണ് ചിത്രത്തിന്റെതായി ഇതുവരെ പുറത്തുവന്നിട്ടുള്ളു. മകന്റെ ആദ്യ സിനിമ ആണെങ്കിലും ആമിര്‍ ഖാന്‍ പോലും മഹരാജിനെ കുറിച്ച് സംസാരിച്ചിട്ടില്ല. തന്റെ ആദ്യ സിനിമയെ കുറിച്ച് ജുനൈദും സംസാരിച്ചിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക