മൂന്നാമതും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായപ്പോള്‍ ഭാരതം ഉറ്റുനോക്കിയത് ആരെല്ലാം അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഉണ്ടാകും എന്നതാണ്. 2014 ലും 2019 ലും സസ്പെന്സുകള് നിറഞ്ഞതായിരുന്നു മോദിയുടെ മന്ത്രിസഭാ രൂപീകരണം. ഇക്കുറിയും ആ പതിവ് തെറ്റിയില്ല. സവിശേഷതകള്‍ നിറഞ്ഞതാണ് മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയും. പ്രധാനമന്ത്രിക്കു പുറമെ 71 പേരാണ് കേന്ദ്രമന്ത്രിസഭയിലുള്ളത്. ഇതില്‍ 30 പേര്‍ക്ക് കാബിനറ്റ് പദവിയാണ്. സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമുണ്ട്. 61 പേര് ബിജെപിയില്‍ നിന്നാണെങ്കില്‍ 11 പേര് സഖ്യകക്ഷികളില്‍ നിന്നാണ്.
പരിചയ സമ്പന്നരും പുതുമുഖങ്ങളും
കേന്ദ്രമന്ത്രിസഭയില്‍ പരിചയ സമ്പത്തുള്ളവര്‍ക്കും പുതുമുഖങ്ങള്‍ക്കും ഒരു പോലെ അവസരം നല്‍കിയിട്ടുണ്ട്. 43 മന്ത്രിമാര്‍ മൂന്നിലധികം തവണ പാര്‍ലമെന്റില്‍ എത്തിയവരാണ്. 39 പേര്‍ക്ക് മന്ത്രിയായതിന്റെ മുന്‍പരിചയം ഉണ്ട്. കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപിയും അഡ്വ.ജോര്‍ജ്ജ് കുര്യനും ഉള്‍പ്പടെ 33 പേര് പുതുമുഖങ്ങളാണ്.
പ്രായം കൂടിയവരും കുറഞ്ഞവരും
മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം സിവില്‍ ഏവിയേഷന്‍ വകുപ്പു മന്ത്രി കെ. റാം മോഹന്‍ നായിഡു ആണ്. 36 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം. മൂന്നാം തവണയാണ് ലോക്സഭയില്‍ എത്തുന്നത്. എംഎസ്എംഇ വകുപ്പിന്റെ ചുമതലയുള്ള ജിതിന് റാം മാഞ്ചിയാണ് ഏറ്റവും പ്രായം കൂടിയ മന്ത്രി. 79 വയസ്സ്. ആറ് മന്ത്രിമാരുടെ പ്രായം 45ല്‍ താഴെയാണ്. 70 വയസ്സു കഴിഞ്ഞ ഒന്‍പത് മന്ത്രിമാരുണ്ട്.
ഏഴ് മുന്മുഖ്യമന്ത്രിമാര്
പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ഏഴ് മുന്‍ മുഖ്യമന്ത്രിമാരാണ് കേന്ദ്രമന്ത്രിസഭയിലുള്ളത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് (ഉത്തര്‍പ്രദേശ്), കൃഷി-കര്‍ഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാന് (മധ്യപ്രദേശ്), ഭവന – നഗര വികസന, ഊര്‍ജ്ജ മന്ത്രി മനോഹല്‍ ലാല്‍ ഖട്ടര്‍(ഹരിയാന), തുറമുഖ, ഷിപ്പിംഗ്, ജലപാതാ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനാവാള്‍(അസം), ഉരുക്ക്- ഖന വകുപ്പ് മന്ത്രി എച്ച്.ഡി. കുമാരസ്വാമി (കര്‍ണാടക), എംഎസ്എംഇ വകുപ്പ് മന്ത്രി ജിതിന് റാം മാഞ്ചി (ബിഹാര്‍) എന്നിവരാണ് മന്ത്രിസഭയിലെ മുന്‍ മുഖ്യമന്ത്രിമാര്‍.
ഏഴ് വനിതാ മന്ത്രിമാര്‍
രണ്ട് കാബിനറ്റ് പദവി ഉള്‍പ്പെടെ ഏഴ് വനിതാ മന്ത്രിമാരുണ്ട്. കേന്ദ്രധനകാര്യമന്ത്രി നിര്‍മല സീതാരാമന്, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി അന്നപൂര്‍ണാദേവി എന്നിവരാണ് വനിതകളില്‍ കാബിനറ്റ് പദവിയുള്ളവര്‍. ശോഭ കരന്ദലജെ (എംഎസ്എംഇ, തൊഴില്‍), അനുപ്രിയ പട്ടേല്‍ (ആരോഗ്യം-കുടുംബക്ഷേമം, കെമിക്കല്‍സ്-ഫെര്‍ട്ടിലൈസേഴ്സ്), രക്ഷ നിഖില്‍ ഖഡ്സെ (കായികം-യുവജനകാര്യം), സാവിത്രി ഠാക്കൂര്‍ (വനിതാ- ശിശുക്ഷേമം), നിമുബെന്‍ ബംഭാനിയ (ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണം) എന്നിവരാണ് വനിതാ സഹമന്ത്രിമാര്‍.
മൂന്നാം മോദി മന്ത്രിസഭയിലും തിളങ്ങാന്‍ നിര്‍മല സീതാരാമന്
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്ന് മന്ത്രിസഭയിലും കാബിനറ്റ് പദവി ലഭിച്ച ഏക വനിത നിര്‍മല സീതാരാമനാണ്. ഒന്നാം മോദിസര്‍ക്കാരില്‍ പ്രതിരോധം, രണ്ടാം മോദിസര്‍ക്കാരില്‍ ധനകാര്യം എന്നീ വകുപ്പുകളാണ് ലഭിച്ചത്. ഈ തവണയും ധനകാര്യം നിര്‍മല തന്നെ കൈകാര്യം ചെയ്യും. ശോഭകരന്ദ്ലജെ, അന്നപൂര്‍ണ ദേവി, അനുപ്രിയ പട്ടേല്‍ എന്നിവര്‍ രണ്ടാം മോദി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. രക്ഷാ നിഖില്‍ ഖഡ്സെ, സാവിത്രി ഠാക്കൂര്‍, നിമുബെന്‍ ബംഭാനിയ എന്നിവര്‍ മന്ത്രിസഭയിലെ പുതുമുഖങ്ങളാണ്.
വിദ്യാഭ്യാസ യോഗ്യതയിലും മുന്നില്‍
30 കാബിനറ്റ് മന്ത്രിമാരില്‍ മൂന്ന് എംബിഎ ബിരുദധാരികളും ആറ് നിയമ ബിരുദധാരികളും 10 ബിരുദാനന്തര ബിരുദധാരികളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാജ്നാഥ് സിംഗ്, ശിവരാജ് സിംഗ് ചൗഹാന്, നിര്‍മല സീതാരാമന്, എസ്. ജയശങ്കര്‍, ധര്മ്മേന്ദ്രപ്രധാന്, ഡോ. വീരേന്ദ്ര കുമാര്‍, മന്‍സുഖ് മാണ്ഡവ്യ, ഹര്‍ദീപ് സിംഗ് പുരി, അന്നപൂര്‍ണാ ദേവി, ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവരാണ് ബിരുദാനന്തര ബിരുദധാരികള്‍.
നിതിന്‍ ഗഡ്കരി, ജെ.പി. നദ്ദ, പിയൂഷ് ഗോയല്‍, സര്‍ബാനന്ദ സോനോവാള്‍, ഭൂപേന്ദര്‍ യാദവ്, കിരണ്‍ റിജ്ജു എന്നിവര്‍ നിയമബിരുദം നേടിയവരാണ്. മനോഹര്‍ ലാല്‍ ഖട്ടര്‍, എച്ച്.ഡി. കുമാരസ്വാമി, ജിതിന് റാം മാഞ്ചി, രാജീവ് രഞ്ജന്‍, പ്രഹ്ലാദ് ജോഷി, ഗിരിരാജ് സിംഗ് എന്നിവര്‍ ബിരുദധാരികളാണ്. ഡോ. എസ്. ജയശങ്കര്‍, അശ്വിനി വൈഷ്ണവ്, ഹര്‍ദീപ് സിംഗ് പുരി എന്നിവരാവട്ടെ മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: