Kerala

തീവ്രവാദ ഭീഷണി നേരിടാന്‍ കേരളത്തിലും അയോദ്ധ്യയിലും പത്താന്‍കോട്ടിലും എന്‍എസ്ജി യൂണിറ്റ്

Published by

ന്യൂദല്‍ഹി: തീവ്രവാദ ഭീഷണി മുന്‍നിര്‍ത്തി കേരളത്തിലും അയോദ്ധ്യയിലും പത്താന്‍കോട്ടിലും ഈ വര്‍ഷം തന്നെ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ് (എന്‍എസ്ജി) യൂണിറ്റുകള്‍ രൂപീകരിക്കും. അയോദ്ധ്യയിലെ യൂണിറ്റ് രണ്ടു മാസത്തിനകം ആരംഭിക്കും. കേരളത്തിലും പത്താന്‍കോട്ടിലും ഈ വര്‍ഷം അവസാനത്തോടെയും. എന്‍എസ്ജി യൂണിറ്റുകള്‍ക്ക് പ്രത്യേക ആയുധങ്ങളും ആന്റി ഡ്രോണ്‍ സംവിധാനവുമുണ്ടാകും.
അതതിടങ്ങളിലെ പോലീസ് സംവിധാനത്തെയും മറ്റു സായുധ സേനാ യൂണിറ്റുകളെയും സഹായിക്കുകയും അടിയന്തരസാഹചര്യങ്ങളിലെ പ്രതികരണം വേഗത്തിലാക്കുകയുമാണ് എന്‍എസ്ജി യൂണിറ്റുകള്‍ ആരംഭിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

ജനുവരി 22ലെ പ്രാണപ്രതിഷ്ഠയ്‌ക്കു ശേഷം അയോദ്ധ്യ ഭീകര സംഘടനകളുടെ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതാണെന്ന റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് പെട്ടെന്നുള്ള നീക്കം. തീരുമാനത്തിന് അന്തിമ രൂപം നല്കുന്നതിനു മുമ്പ് ഈ പ്രദേശങ്ങളില്‍ നിരവധി തവണ യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്.

അതിര്‍ത്തി ജില്ലയായ പത്താന്‍കോട്ടും കേരളവും മതമൗലികവാദ ശക്തികളുടെ സങ്കേതമായിത്തീര്‍ന്നെന്നാണ് വിലയിരുത്തല്‍. പാന്‍-ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ ലോജിസ്റ്റിക് കേന്ദ്രമായി ഈ രണ്ടു പ്രദേശങ്ങളും മാറുന്നുവെന്നതിന്റെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് പത്താന്‍കോട്ടിലും കേരളത്തിലും എന്‍എസ്ജി ഹബ്ബുകള്‍ സ്ഥാപിക്കുന്നത്.

ഈ മൂന്നു യൂണിറ്റുകള്‍ കൂടി സജ്ജമാകുന്നതോടെ രാജ്യത്താകെ എന്‍എസ്ജി ഹബ്ബുകള്‍ എട്ടാകും. നിലവില്‍ മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലാണ് എന്‍എസ്ജി മേഖലാ കേന്ദ്രങ്ങളുള്ളത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക