മ്യൂണിക്: യൂറോകപ്പ് ഫുട്ബോളിന്റെ 17-ാം പതിപ്പിന് ഇന്ന് തുടക്കം. ജര്‍മന്‍ നഗരം മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ രാത്രി 12.30ന് ആദ്യ മത്സരം അരങ്ങേറും. ഗ്രൂപ്പ് എയില്‍ ആതിഥേയരായ ജര്‍മനി സ്കോട്ട്ലന്‍ഡിനെ നേരിടും.
36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തം നാട്ടില്‍ വിരുന്നെത്തുന്ന യൂറോ കപ്പിലൂടെ വീണ്ടെടുപ്പിനുള്ള അവസരമാണ് ജര്‍മന്‍ പട ഉറ്റുനോക്കുന്നത്. 2018 റഷ്യന്‍ ലോകകപ്പ് മുതല്‍ തുടരെ മൂന്ന് പ്രധാന ടൂര്‍ണമെന്റുകളില്‍ ദയനീയ പ്രകടനവുമായാണ് ടീം അവസാനിപ്പിച്ചത്. അതില്‍ നിന്നൊരു ഉയര്‍ത്തെഴുന്നേല്‍പ്പാണ് 36കാരനായ ജൂലിയന്‍ നാഗല്സ് എന്ന പരിശീലകന് കീഴിലുള്ള ജര്‍മനി ടീം ലക്ഷ്യമിടുന്നത്. അടുത്ത കാലത്ത് കരുത്തരായ ഫ്രാന്‍സിനെയും നെതര്‍ലന്‍ഡ്സിനെയും തോല്‍പ്പിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം ജര്‍മനിക്കൊപ്പമുണ്ട്. കിലിയന്‍ എംബാപ്പെ അടക്കമുള്ള സമ്പൂര്‍ണ ഫ്രഞ്ച് ടീമിനെ അവരുടെ നാട്ടില്‍ വച്ചാണ് ജര്‍മനി കഴിഞ്ഞ മാര്‍ച്ചില്‍ തോല്‍പ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം. നെതര്‍ലന്‍ഡ്സിനെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്വന്തം നാട്ടില്‍ വച്ചായിരുന്നു. ഈ വിജയങ്ങള്‍ നല്കുന്ന ആത്മവിശ്വാസത്തിലാണ് ജര്‍മനി മുന്‍ ബയേണ്‍ മ്യൂണിക് പരിശീലകന് കീഴില്‍ തയ്യാറെടുത്തു നില്‍ക്കുന്നത്. ഗ്രൂപ്പ് എയില്‍ ഹംഗറിയും സ്വിറ്റ്സര്‍ലന്‍ഡും ആണ് ജര്‍മനിക്കും സ്കോട്ട്ലന്ഡിനും നേരിടേണ്ട മറ്റ് രണ്ട് ടീമുകള്‍.
തുടരെ രണ്ടാം യൂറോയിലും യോഗ്യത നേടാനായതിന്റെ ആവേശത്തിലാണ് സ്കോട്ട്ലന്‍ഡ്. ആസ്റ്റണ്‍ വില്ല നായകന് ജോണ്‍ മക്ഗിന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ സ്കോട്ട് മക്ടോമിനേ എന്നിവരാണ് സ്കോട്ട് പടയുടെ പ്രധാന കരുത്ത്. മുന്‍ സ്കോട്ട്ലന്‍ഡ് താരം സ്റ്റീഫന്‍ ക്ലാര്‍ക് ആണ് ടീം മാനേജര്‍. ചെല്‍സിക്കുവേണ്ടിയും താരം ബൂട്ടുകെട്ടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന സൗഹൃദ മത്സരത്തില്‍ ജപ്പാനോട് തോറ്റതുള്‍പ്പെടെ ഏതാനും വര്‍ഷങ്ങളായി നിരന്തരം അട്ടിമറിക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ജര്‍മനിയെ കീഴടക്കാന്‍ ഇന്ന് സ്കോട്ട്ലന്‍ഡിന് സാധിക്കുമോയെന്നാണ് ഇവരുടെ ആരാധകരായ ടാര്‍ട്ടന്‍ ആര്‍മി ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: