തൊടുപുഴ: സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ടസമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്താനെത്തിയപ്പോള്‍ അണക്കെട്ടിലേക്കു പോകുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബോട്ടിനടുത്തേക്ക് മാധ്യമ പ്രവര്‍ത്തകര്‍ പോകുന്നത് തടഞ്ഞ പോലീസ് നടപടിയില്‍ ഇടുക്കി പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു.
മുല്ലപ്പെരിയാര്‍ എസ് ഐ അനൂപ് സി.നായരുടെ നേതൃത്വത്തിലാണ് മാധ്യമ പ്രവര്‍ത്തകരെ തടയുകയും മോശമായി പെരുമാറുകയും ചെയ്തത്. നേരത്തെ അണക്കെട്ട് വരെ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിച്ചിരുന്നു.
പിന്നീട് അണക്കെട്ടിലേക്ക് പോകുന്ന ബോട്ട് ലാന്റിംഗില്‍ വരെ പ്രവേശനം അനുവദിച്ചിരുന്നെങ്കിലും ഇന്നലെ ഇവിടേക്ക് എത്തുന്നതും തടയുകയായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകളും ദൃശ്യങ്ങളും നല്‍കുന്നതിന് കേരളപോലീസ് തടസം നില്‍ക്കുന്നത് ദുരൂഹമാണെന്നും ഇത് എതിര്‍ക്കപ്പെടേണ്ടതാണെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി
തങ്ങളുടെ തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം തടസപ്പെടുത്തിയ പോലീസിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് സോജന് സ്വരാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍, ട്രഷറര്‍ വില്‍സണ്‍ കളരിക്കല്‍, വൈസ് പ്രസിഡന്റുമാരായ അഫ്സല് ഇബ്രാഹിം, എം.ബിലീന, ജോയിന്റ് സെക്രട്ടറി പി.കെ.ലത്തീഫ്, കമ്മിറ്റിയംഗങ്ങളായ ഹാരിസ് മുഹമ്മദ്, കെ.വി.സന്തോഷ്കുമാര്‍, അഖില്‍ സഹായി, വിനോദ് കണ്ണോളില്‍, എം.എന്‍.സുരേഷ്, ഒ.ആര്.അനൂപ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: