ആലപ്പുഴ: കുട്ടനാട്ടിലെ രാമങ്കരി ഗ്രാമ പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തില്‍. പ്രസിഡന്റായി കോണ്‍ഗ്രസിലെ ആര്. രാജുമോനെ തെരഞ്ഞെടുത്തു. നേരത്തെ വിമത നേതാവിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കാന്‍ സഹായിച്ചതിനു പ്രത്യുപകാരമായാണു സിപിഎം ഔദ്യോഗിക പക്ഷത്തെ നാല് അംഗങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചത്.
ആദ്യ ഒന്‍പത് മാസം രാജുമോനും അടുത്ത ഒന്‍പത് മാസം കേരള കോണ്‍ഗ്രസിലെ ബെന്നി സേവ്യറും പദവി പങ്കിടും. ഷീനാ റെജപ്പനും സോളി ആന്റണിക്കുമാണ് ഒന്‍പതുമാസം വീതം വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുക. രാമങ്കരിയിലെ അവിശുദ്ധ കൂട്ടുകെട്ട് നേതൃത്വത്തിന്റെ അറിവോടെയെന്ന് സിപിഎം വിമതപക്ഷം ആരോപിച്ചു. ആകെയുള്ള 12 പഞ്ചായത്ത് അംഗങ്ങളില്‍ ഔദ്യോഗിക പക്ഷത്തെ നാല് സിപിഎം അംഗങ്ങളും നാല് യുഡിഎഫ് അംഗങ്ങളും രാജുമോനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണയ്ക്കുകയായിരുന്നു. ബുധനാഴ്ച വൈകി സിപിഎം ജില്ലാ കമ്മിറ്റി, പഞ്ചായത്തംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ബിന്‍സ് ജോസഫിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മോള്‍ജി രാജേഷിനെയും പിന്തുണയ്ക്കണമെന്നാണ് എട്ടംഗങ്ങള്‍ക്കും വിപ്പു നല്‍കിയത്.
സിപിഎം ഔദ്യോഗികപക്ഷം വിപ്പ് ലംഘിക്കുകയും വിമതരായ മൂന്നംഗങ്ങള്‍ വിപ്പ് പാലിക്കുകയും ചെയ്ത വിചിത്രമായ സംഭവ വികാസമാണ് അരങ്ങേറിയത്. സിപിഎം വിമത നേതാവ് ആര്. രാജേന്ദ്രകുമാറിനെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാനായിരുന്നു നേരത്തെ കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഎം ഔദ്യോഗിക പക്ഷം പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടു വന്നത്. അവിശ്വാസത്തിലൂടെ സിപിഎം അംഗങ്ങളായ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, രണ്ട് സ്ഥിരം സമിതി അധ്യക്ഷര്‍ എന്നിവരെ പുറത്താക്കി. കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം നല്‍കാം എന്ന ധാരണയിലായിരുന്നു ഈ നീക്കം. തെരഞ്ഞെടുപ്പില്‍ സിപിഎം ഔദ്യോഗിക പക്ഷത്തെ അംഗങ്ങള്‍ ആ വാക്ക് പാലിച്ചു.
കാല്‍നൂറ്റാണ്ടായി സിപിഎം ഭരിച്ചിരുന്ന പഞ്ചായത്താണ് ഒടുവില്‍ വിമത പക്ഷത്തെ പുറത്താക്കാനായി കോണ്‍ഗ്രസിന് വിട്ടു നല്‍കിയത്. കുട്ടനാട്ടിലെ വിമതപക്ഷത്തെ നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ആര്. രാജേന്ദ്ര കുമാര്‍ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതോടെ സിപിഐയില്‍ ചേര്‍ന്നിരുന്നു. പഞ്ചായത്ത് അംഗത്വവും രാജിവച്ചു. കഴിഞ്ഞ ആഗസ്തില്‍ കുട്ടനാട്ടില്‍ മൂന്നുറോളം പാര്‍ട്ടി അംഗങ്ങളാണ് സിപി
എം വിട്ട് സിപിഐയില്‍ ചേര്‍ന്നത്. ഇതിന് പിന്നില്‍ രാജേന്ദ്രകുമാര്‍ ആണെന്നതാണ് നേതൃത്വത്തെ പ്രതികാര നടപടിയിലേക്ക് നയിച്ചത്. ആലപ്പുഴ ജില്ലയില്‍ മാത്രം നാലോളം ഗ്രാമപഞ്ചായത്തുകള്‍ സിപിഎം, കോണ്‍ഗ്രസ് സഖ്യം ഭരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: