തിരുവനന്തപുരം: കുവൈറ്റിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തില്‍ 24 മലയാളികള്‍ വെന്തുമരിച്ച ദുഖത്തില്‍ കേരളം കണ്ണീര്ക്കടലിലായപ്പോള് ആഘോഷത്തിനും ധൂര്‍ത്തിനും കുറവില്ലാതെ ലോകകേരള സഭ.
ഉദ്ഘാടനവും വൈദ്യുതി ദീപാലങ്കാരവും ഒഴിവാക്കി ലോക കേരള സഭ നടത്താന്‍ തന്നെ സര്‍ക്കാര്‍ തീരുമാനം. മരിച്ചവരുടെ വീടുകളില്‍ പോയി ആശ്വാസവാക്കുകള്‍ പറയാതെ പ്രതിനിധികള്‍ക്ക് എല്ലാം സൗകര്യങ്ങളും വിളമ്പുന്ന തിരക്കിലാണ് മന്ത്രിമാരും ജനപ്രതിനിധികളും മൂന്നുകോടിരൂപ ചെലവിലാണ് ലോകകേരള സഭ നടത്തുന്നത്. ഈ തുക ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് നല്‍കണമെന്നും ലോക കേരളസഭ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യമുയര്‍ന്നിട്ടും പിന്മാറാന് സര്‍ക്കാര്‍ തയാറായില്ല.
അനുവദിച്ച മൂന്നുകോടിയില്‍ അംഗങ്ങളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനും മാത്രം 40 ലക്ഷമാണ് ചെലവഴിക്കുന്നത്. പ്രചാരണത്തിനും പന്തല്‍ നിര്‍മാണത്തിനും 15 ലക്ഷവും ഇരിപ്പിടം ഒരുക്കാന്‍ 35 ലക്ഷവുമാണ്. സഭയില്‍ ഉയരുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ 50 ലക്ഷവും. വെബ്സൈറ്റ് നവീകരണത്തിനും വിവര സാങ്കേതിക സൗകര്യങ്ങള്‍ക്കുമായി എട്ട് ലക്ഷം എന്നിങ്ങനെയാണ് ചെലവുകള്‍.
മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷവും പരിക്കേറ്റവര്‍ക്ക് ഒരുലക്ഷവുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം. ലോക കേരള സഭയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. വിവിധ വിഭാഗങ്ങളിലായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: