ചെന്നൈ: ഈ ചിത്രത്തില്‍ കാണുന്നത് ചേച്ചിയും അനുജനുമാണ്. ഇവര്‍ ജനിച്ചത് ചെന്നൈയിലാണ്. തമിഴ്നാട് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ ഉദ്യോഗസ്ഥനായ രമേഷ് ബാബുവിന്റെ രണ്ട് മക്കളാണ് ഈ ചേച്ചിയും അനുജനും. അമ്മ നാഗലക്ഷ്മി. ഒരു സാധാരണ വീട്ടമ്മയാണ്.
ടെലിവിഷന്‍ കണ്ട് കുട്ടികളുടെ ഭാവി നാശമാകരുതെന്ന് കരുതിയാണ് അച്ഛന്‍ രമേശ്ബാബു മകളെ ചെന്നൈയിലെ ഒരു ചെസ് അക്കാദമിയിലേക്ക് അയച്ചത്. മകള്‍ക്ക് ഈ കളിയില്‍ വലിയ താല്‍പര്യമായി. സ്കൂളിലെ പഠിപ്പ് കഴിഞ്ഞാല്‍ കൂടുതല്‍ സമയം ഈ പെണ്‍കുട്ടി ചെസ്സില്‍ ചെലവഴിച്ചു. ചേച്ചിയുടെ ചെസ്സിലുള്ള താല്പര്യം കണ്ട് അനുജനും കുറെശ്ശേ ചെസ് പഠിക്കാന്‍ തുടങ്ങി.
രണ്ടു പേരും അവരറിയാതെ ചെസ്സില്‍ വളരുകയായിരുന്നു. സ്കൂള്‍ തലങ്ങളിലുള്ള സമ്മാനങ്ങള്‍ വാരിക്കൂട്ടി അവര്‍ സംസ്ഥാന തല താരങ്ങളായി വളര്‍ന്നു. ഇന്ന് ഈ ചേച്ചിയും അനുജനും ഇന്ത്യയുടെ തന്നെ ചെസ്സിലെ അഭിമാന താരങ്ങളാണ്. ഒരു സാധാരണ കുടുംബാന്തരീക്ഷത്തില്‍ നിന്നും ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ന്ന രണ്ട് സഹോദരിയും സഹോദരനും.
ഇന്ന് ഇരുവരും ചെസ്സില്‍ ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടിയിരിക്കുന്നു. ഇന്ത്യയില്‍ ഇതാദ്യമായാണ് ചെസ്സില്‍ ഒരു കുടുംബത്തിലെ സഹോദരിയും സഹോദരനും ഗ്രാന്‍റ്മാസ്റ്റര്‍മാരാകുന്നത്. ഇവരാണ് ചെസ്സില്‍ ഇന്ന് ലോകം ആരാധിക്കുന്ന ആര്‍. പ്രജ്ഞാനന്ദയും ആര്‍. വൈശാലിയും.
നോര്‍വ്വെ ചെസ്സില്‍ ലോക ഒന്നാം നമ്പര്‍ കാള്‍സനെയും രണ്ടാം നമ്പര്‍ ഹികാരു നകാമുറയെയും മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെയും ലോക ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനെയും പ്രജ്ഞാനന്ദ തോല്‍പിച്ചിരുന്നു. ലോക ചെസ് റാങ്കിംഗ് ലൈവില്‍ ഇപ്പോള്‍ വിശ്വനാഥന്‍ ആനന്ദിനെ പിന്നിലാക്കി ഇന്ത്യയുടെ ലോക പത്താം നമ്പര്‍ താരമാണ് പ്രജ്ഞാനന്ദ. വൈശാലിയും നോര്‍വ്വെ ചെസ്സില്‍ ലോകതാരങ്ങളായ അന്ന മ്യൂസിചുകിനെയും ചൈനയുടെ വെന്‍ജു ജുവിനെയും തോല്‍പിച്ചിരുന്നു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: