തൃശൂര്‍: ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കുറവ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുരുതര പ്രതിസന്ധിയാകുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രിവരെ നീളുന്ന പ്രശ്നമാണിത്. രോഗികള്‍ ഇഷ്ടംപോലെ എത്തുന്നു. പക്ഷേ ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സിക്കാന്‍ വേണ്ടത്ര ആളുകളില്ല. രോഗീപരിചരണത്തിലേര്പ്പെടുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും ഇത് വലിയ സമ്മര്‍ദത്തിലാക്കുന്നു. ഒപ്പം രോഗികളുടെ കാര്യവും കഷ്ടത്തിലാകുന്നു. വരുംദിവസങ്ങളില്‍ പകര്‍ച്ചപ്പനിയും മഴക്കാല രോഗങ്ങളും കൂടാന്‍ സാധ്യതയേറെയാണ്.
നൂറുകണക്കിന് രോഗികളെത്തുന്ന തൃശൂര്‍ ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളേജ്, വിവിധ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സ്ഥിതി സങ്കീര്‍ണമാണ്. ഒ.
പി, അത്യാഹിത വിഭാഗം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ വലിയ പ്രയാസം നേരിടുകയാണ് പലയിടത്തും. 500 ലധികം ഡോക്ടര്‍മാരുടെ കുറവുണ്ട് ജില്ലയില്‍.
ജനറല്‍ ആശുപത്രിയിലാണ് കൂടുതല്‍ ഒഴിവ്. ഇവിടെ അസി. സര്ജന്, അത്യാഹിതവിഭാഗം മെഡിക്കല്‍ ഓഫീസര്‍, കണ്‍സല്‍ട്ടന്റ് സര്ജന് എന്നീ വിഭാഗങ്ങളിലെല്ലാം ഒഴിവുണ്ട്. രക്ത ബാങ്ക്, ഇ.എന്‍.ടി., സൈക്യാട്രി വിഭാഗങ്ങളിലൊന്നും ഡോക്ടറില്ല. കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി വിഭാഗങ്ങളില്‍ ഒരാള്‍മാത്രം. താത്കാലികാടിസ്ഥാനത്തിലുള്ള ഡോക്ടര്‍മാരുടെ നിയമനവും ലക്ഷ്യം കാണുന്നില്ല. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍നിന്ന് നിയമിക്കുന്നത് പലപ്പോഴും പി.ജി. വിദ്യാര്‍ഥികളെയാണ്. ഇവര്‍ ജോലിയില്‍ പ്രവേശിച്ച ഉടന്‍ പഠനാവശ്യാര്‍ഥം വിട്ടുപോകും.
ഇവരെ ഡിഎച്ച്എസില്‍നിന്ന് നിയമിച്ചാല്‍ കരാറടിസ്ഥാനത്തില്‍ നിയമനം ലഭിച്ച ഡോക്ടര്‍ പുറത്താകും. പി.ജി. വിദ്യാര്‍ഥി ജോലിയില്‍ തുടരുകയുമില്ല. പി.ജി. വിദ്യാര്‍ഥികളല്ലാത്തവരെ നിയമിക്കുന്ന രീതി പിന്തുടരുകയാണ് ഒരു പരിഹാരം. ഭരണപരമായ തസ്തികകളിലും ഒഴിവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: