Kerala

കോണ്‍ഗ്രസിന്റെ മുസ്ലീം സ്‌നേഹം കാപട്യം: വി. മുരളീധരന്‍

Published by

തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയില്‍ മുസ്ലീങ്ങളെ ഒഴിവാക്കിയെന്ന കെ. സുധാകരന്റെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി വി. മുരളീധരന്‍. മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം അവകാശപ്പെടുന്ന സുധാകരന്റെ പാര്‍ട്ടിയുടെ സ്ഥിതിയെന്താണെന്ന് വി. മുരളീധരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

328 സീറ്റില്‍ മത്സരിച്ച് നൂറ് സീറ്റ് നേടിയ കോണ്‍ഗ്രസ് പാര്‍ട്ടി വിജയിപ്പിച്ചത് ഏഴ് മുസ്ലീങ്ങളെ മാത്രമാണ്. 2019ല്‍ 34 മുസ്ലീങ്ങള്‍ക്ക് സീറ്റു നല്‍കിയ കോണ്‍ഗ്രസ് 2024ല്‍ നല്‍കിയത് 19 സീറ്റ് മാത്രമാണ്. നാല് കോടി മുസ്ലീങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ഒരു മുസ്ലീമിനെപ്പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയില്ലെന്നും വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഒരു കോടി മുസ്ലീങ്ങളുള്ള മഹാരാഷ്‌ട്രയിലും ഇന്‍ഡി സഖ്യം ഒരു സീറ്റു പോലും മുസ്ലീമിന് നല്‍കിയില്ലന്ന് മുന്‍ കേന്ദ്രമന്ത്രി വിമര്‍ശിച്ചു.

കേരളത്തില്‍ സുധാകരന്റെ പാര്‍ട്ടി നല്‍കിയ അതേ സീറ്റെണ്ണം മുസ്ലീങ്ങള്‍ക്ക് ബിജെപിയും നല്കിയെന്ന് മുരളീധരന്‍ പറഞ്ഞു. വടകരയില്‍ ഷാഫി പറമ്പിലിനെ യുഡിഎഫ് മത്സരിപ്പിച്ചപ്പോള്‍ മലപ്പുറത്ത് ഡോ.എം. അബ്ദുള്‍ സലാമിനെ എന്‍ഡിഎ മല്‍സരിപ്പിച്ചു. ഡോ. അബ്ദുള്‍ സലാമിനെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ്. മലപ്പുറത്ത് ജയിച്ചിരുന്നെങ്കില്‍ ഡോ. അബ്ദുള്‍ സലാം ഇന്ന് കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടാവുമായിരുന്നുവെന്നും വി. മുരളീധരന്‍ പ്രതികരിച്ചു. ആഗോളമുസ്ലീങ്ങളുടെ രക്ഷാദൗത്യമേറ്റെടുത്ത പിണറായി വിജയന്റെ പാര്‍ട്ടി ലോക്‌സഭയിലെത്തിച്ച മുസ്ലിങ്ങളുടെ എണ്ണം വട്ടപ്പൂജ്യമാണെന്നും വി. മുരളീധരന്‍ വിമര്‍ശിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by