ചാലക്കുടി: ഇന്ത്യന് ഫുട്ബോളിന്റെയും കേരള ഫുട്ബോളിന്റെയും ചരിത്രത്തിലെ ഇതിഹാസ അധ്യായമാണ് ടി. കെ. ചാത്തുണ്ണി എന്ന പേര്. ഇന്ത്യന് ഫുട്ബോളിലെ പ്രമുഖ ക്ലബ്ബുകളുടെ പരിശീലകനായി അക്കാലത്തെ വലിയ താരമൂല്യമുള്ള പരിശീലകനായിരുന്നു ചാലക്കുടിയുടെ സ്വന്തം ചാത്തുണ്ണിയേട്ടന്.
പട്ടാള ടീമായ ഇഎംഇ, സെക്കന്തരബാദ്, വാസ്കോ ഗോവ, ഓര്ക്കേ മില്സ്, ബോംബെ തുടങ്ങിയ ക്ലബുകളിലും സന്തോഷ് ട്രോഫിയില് സര്വ്വീസസ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാന ടീമുകളിലേയും കളിക്കാരനായിരുന്നു. പരിശീലകനായും മികച്ച പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. 1990ല് എംആര്എഫ് ഗോവ, ചര്ച്ചില് ഗോവ, കെഎസ്ഇബി, സാല്ഗോക്കര്, മോഹന് ബഹാന്, എഫ്സി കൊച്ചിന്, വിവ കേരള, ഗോള്ഡന് ത്രഡ്സ്, ജോസ്കോ എഫ്സി വിവി ചെന്നൈ ഉള്പ്പടെ രാജ്യത്തെ പ്രമുഖ ഫുട്ബോള് ശക്തികളായിരുന്ന നാല് സംസ്ഥാനങ്ങളിലെ നിരവധി ക്ലബ്ബുകളുടെ പരിശീലകനായിരുന്നു. 1979 ല് കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായിരുന്നു. മോഹന് ബഗാന് ചര്ച്ചില് ബ്രദേഴ്സ്, സാല്ഗോക്കര് എഫ്സി കൊച്ചിന്, തുടങ്ങിയ നിരവധി പ്രൊഫഷണല് ക്ലബ്ബുകളേയും പരിശീലിപ്പിച്ചിരുന്നു. ഫുട്ബോള് മൈ സോള് എന്ന പേരില് ആത്മകഥയുമെഴുതി. സംസ്ഥാന സ്പോര്ട്സ് കൗണ്സിലിന്റേതടക്കം ചെറുതും വലതുമായ നൂറുകണക്കിന് പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.
തൊട്ടതെല്ലാം പൊന്നാക്കി ഫുട്ബോളിനായി ജീവിതം സമര്പ്പിച്ച വ്യക്തിത്വമായിരുന്നു. മരിക്കുമ്പോള് പുഷ്പങ്ങളോ, പുഷ്പചക്രങ്ങളോ വേണ്ട മറിച്ച് ഫുട്ബോള് നല്കി യാത്രയാക്കണമെന്ന് എഴുതി വെച്ചാണ് ഫുട്ബോളിന്റെ രാജകുമാരന് യാത്രയായത്. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ഒട്ടനവധി സംഘടനകളും വ്യക്തികളും റീത്ത് ഒഴിവാക്കി ഫുട്ബോള് സമര്പ്പിച്ചാണ് അന്ത്യോപചാരം അര്പ്പിച്ചത്. ഫുട്ബോളിനായി സമര്പ്പിച്ച ചാത്തുണ്ണിയേട്ടന്റെ ജീവിതത്തില് അന്ത്യാഭിലാഷവും വേറിട്ട തീരുമാനങ്ങളോടെയായിരുന്നു. ചാലക്കുടിയില് ഒരിടത്തും തന്റെ മൃതദേഹം പൊതുദര്ശനത്തിന് വെക്കരുതെന്നും തന്റെ സംസ്കാരം ചാലക്കുടിയില് വേണ്ടെന്നും, പകരം വടൂക്കര എസ്എന്ഡിപി ശമ്ശാനത്തില് വേണമെന്നും, പൊതുദര്ശനത്തിന് വെക്കുകയാണെങ്കില് തൃശൂരില് എവിടെ എങ്കിലും മതിയെന്നും, പുഷ്പചക്രമോ, റീത്തോ മറ്റു പുഷ്പങ്ങളൊന്നും തനിക്ക് വേണ്ടെന്നും പകരം ഫുട്ബോള് മതിയെന്നും എല്ലാം കൃത്യമായി എഴുത്തി തയ്യാറാക്കി ഭാര്യ സ്വര്ണലതയെ ഏല്പ്പിച്ചിട്ടായിരുന്നു അദ്ദേഹത്തിന്റെ മരണം.
നഗരസഭയില് പൊതു ദര്ശനത്തിന് വയ്ക്കുന്ന കാര്യത്തിലും ചില ആശയക്കുഴപ്പങ്ങള് ഉണ്ടായി. ഒടുവില് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷത്തിന് വിരുദ്ധമായി അരമണിക്കൂര് നഗരസഭയില് ഭൗതിക ശരീരം പൊതുദര്ശനത്തിന് വച്ചു. അതിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ബെന്നി ബെഹനാന് എംപി, നഗരസഭ ചെയര്മാന് എ.ബി. ജോര്ജ്, വൈസ് ചെയര്പേഴ്സണ് ആലീസ് ഷിബു, ജനപ്രതിനിധികള്, സാമൂഹ്യ സംസ്കാരിക കലാകായിക രംഗത്തെ നിരവധി പ്രമുഖര്, സംഘടനാ ഭാരവാഹികള് തുടങ്ങിയവര് അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്ത്യോപചാരം അര്പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: