കൊച്ചി : കൊച്ചി വിമാനത്താവളത്തിലൂടെ ആദ്യം പറന്ന ഓമന മൃഗം ലൂക്ക എന്ന നായ്ക്കുട്ടി. ലാസ അപ്സോ വിഭാഗത്തില്‍പ്പെട്ട നായ്ക്കുട്ടിയെയാണ് ആദ്യം കൊണ്ടുപോയത്. കൊച്ചി വിമാനത്താവളത്തില്‍ നിന്നും ദോഹ വഴി ദുബായിലേക്കാണ് ഈ നായ്ക്കുട്ടി പറന്നത്.
തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ രാജേഷ് സുശീലന്-കവിത രാജേഷ് ദമ്പതിമാരുടെ നായ്ക്കുട്ടിയാണ് ലൂക്ക. ലാസ് അപ്സോ തിബത്തില്‍ നിന്നുള്ള നായ് വംശമാണ്. കഴിഞ്ഞ ദിവസമാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ഓമനമൃഗങ്ങളെ വിമാനം വഴി കൊണ്ടുപോകുന്നതിനുള്ള ലൈസന്‍സ് കൊച്ചി വിമാനത്താവളത്തിന് ലഭിച്ചത്.
ഇപ്പോള്‍ ഈ സൗകര്യമുള്ള കേരളത്തിലെ ഏക വിമാനത്താവളമാണ് കൊച്ചി വിമാനത്താവളം. ഓമനമൃഗങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശീതീകരിച്ച പെറ്റ് സ്റ്റേഷന്, പ്രത്യേക കാര്‍ഗോ വിഭാഗം, വെറ്ററിനറി ഡോക്ടര്‍മാര്‍, കസ്റ്റംസ് ക്ലിയറന്‍സ് കേന്ദ്രം, ഓമനമൃഗങ്ങളുമായി എത്തുന്നവര്‍ക്കുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.
നേരത്തെ ഇന്ത്യയ്ക്കകത്ത് മാത്രമാണ് മൃഗങ്ങളെ കൊണ്ടുപോകാന്‍ അനുമതിയുണ്ടായിരുന്നത്. ഇപ്പോള്‍ ഏത് വിദേശരാജ്യത്തേക്കും ഓമനകളെ കൊണ്ടുപോകാനാവും. പ്രത്യേകം സജ്ജമാക്കിയ കൂടകളിലൂടെ കാര്‍ഗോ വഴിയാണ് അയയ്ക്കുന്നത്. വിദേശത്ത് നിന്നും ഓമനമൃഗങ്ങളെ ഇറക്കുമതി ചെയ്യാനുള്ള അനുമതി കാത്തിരിക്കുകയാണ് കൊച്ചി വിമാനത്താവളം. ഇതിനായി അനിമല്‍ ക്വാറന്റൈന് കേന്ദ്രം സ്ഥാപിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: