ടെല്‍അവീവ്: ഗാസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് അമേരിക്ക മുന്നോട്ടുവച്ച മൂന്ന് ഘട്ട പദ്ധതി ഹമാസ് നിരാകരിക്കുകയാണ് ചെയ്തതെന്ന് ഇസ്രായേല്‍. പന്ത്രണ്ട് ദിവസം മുമ്പാണ് ഇസ്രായേലിന്റെ പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അവതരിപ്പിച്ചത്. ഇതിന് കഴിഞ്ഞ ദിവസമാണ് ഹമാസ് മറുപടി നല്‍കിയത്.
ഇസ്രായേലിന്റെ നിര്‍ദേശങ്ങളില്‍ തിരുത്തലുകള്‍ വരുത്തിയതായി ഹമാസ് അറിയിച്ചിരുന്നു. തങ്ങളുടെ പദ്ധതിയില്‍ ഹമാസ് തിരുത്തലുകള്‍ വരുത്തിയത് അത് നിരാകരിക്കുന്നതിന് തുല്യമെന്നാണ് ഇസ്രായേല്‍ അറിയിച്ചത്. ഖത്തര്‍, ഈജിപ്ത് എന്നിവരോടാണ് ഹമാസ് പ്രതികരണം അറിയിച്ചത്.
ഹമാസ് നീക്കം സമാധാന ശ്രമങ്ങള്‍ക്ക് സഹായകരമാണെന്നും അവരുടെ നിര്‍ദേശങ്ങള്‍ യുഎസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നുണ്ടെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
വെടിനിര്‍ത്തല്‍ പ്രമേയം തിങ്കളാഴ്ച ഐക്യരാഷ്ട്രസഭാ രക്ഷാസമിതി അംഗീകരിച്ചിരുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ വിട്ടയക്കും. രണ്ടാംഘട്ടത്തില്‍ സ്ഥിരമായ വെടിനിര്‍ത്തലും ബാക്കി തടവുകാരെ മോചിപ്പിക്കുന്നതും ഉള്‍പ്പെടും. ബന്ദികളുടെ മൃതദേഹങ്ങളുടെ കൈമാറ്റവും നടക്കും. മൂന്നാം ഘട്ടത്തില്‍ ഗാസ മുനമ്പിന്റെ പുനര്‍നിര്‍മാണത്തിന് നടപടികള്‍ ആരംഭിക്കും. സ്ഥിരമായ വെടിനിര്‍ത്തലിന് ഇസ്രായേല്‍ തയാറാകണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: