എടപ്പാള്‍: തൃശ്ശൂരിലെ ജ്വല്ലറിയിലെ ഡയമണ്ട് സെക്ഷനിലെ മാര്‍ക്കറ്റിങ്ങ് മാനേജരായ സുരേഷ് കുമാറിനേയും സുഹൃത്തുക്കളേയും വജ്രം ആവശ്യമുണ്ടെന്ന് അറിയിച്ച് കൊല്ലത്തെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി മര്‍ദിച്ച് അവശരാക്കിയ ശേഷം ബാഗില്‍ സൂക്ഷിച്ചിരുന്ന ആറര ലക്ഷം വിലവരുന്ന രണ്ട് വജ്ര കല്ലുകളും സുരേഷ് കുമാറിന്റെ സുഹൃത്ത് ധരിച്ചിരുന്ന മൂന്ന് പവന്റെ സ്വര്‍ണമാലയും ഇവരുടെ മൊബൈല്‍ ഫോണുകളും കവര്‍ന്ന സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ അഞ്ച് പേര് എടപ്പാളില്‍ നിന്ന് പിടിയിലായി. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ ഫൈസല്‍ (29), അഫ്സല് (30), നിജാദ് (29), സെയ്താലി (28), അജിത്ത് (27) എന്നിവരെയാണ് അന്വേഷണം സംഘം കസ്റ്റഡിയില്‍ എടുത്തത്.
എടപ്പാള്‍ പട്ടാമ്പി റോഡിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെ ആറോടെയാണ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘം ഇവിടെ മുറിയെടുത്തത്. കവര്‍ച്ച ചെയ്ത വജ്രക്കല്ലുകും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: