Kerala

രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു: കെ.സുരേന്ദ്രൻ, കോൺഗ്രസും യുഡിഎഫും വയനാട്ടുകാരുടെ ക്ഷമ പരീക്ഷിക്കുന്നു

Published by

തിരുവനന്തപുരം: വയനാട് ലോക്സഭ മണ്ഡലം ഉപേക്ഷിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം വയനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നേരത്തെ തന്നെ രാഹുൽ വയനാടിനെ ചതിക്കുമെന്ന് ബിജെപി പറഞ്ഞിരുന്നു. വയനാട് എന്റെ കുടുംബമാണെന്ന് പറഞ്ഞിരുന്ന രാഹുൽ ഗാന്ധി ഇപ്പോൾ റായ്ബറേലിയാണ് തന്റെ കുടുംബമെന്നാണ് പറയുന്നത്. നേരത്തെ ഇത് അമേത്തിയായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം വയനാട് തെരഞ്ഞെടുപ്പിന് മുമ്പ് പറയാനുള്ള ധാർമ്മികത പോലും രാഹുൽ കാണിച്ചില്ല. വികസനത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന മണ്ഡലമായ വയനാടിനെ പ്രതിനിധീകരിച്ച് കഴിഞ്ഞ അഞ്ചുവർഷക്കാലം ലോക്സഭയിലിരുന്നിട്ടും അദ്ദേഹം ഒന്നും ചെയ്തിരുന്നില്ല. അതിന് മുമ്പ് വയനാടിനെ പ്രതിനിധീകരിച്ച കോൺഗ്രസ് പ്രതിനിധിയും വയനാടിനെ പൂർണമായും അവഗണിച്ചു. കോൺഗ്രസും യുഡിഎഫും ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കുന്നതിലൂടെ വീണ്ടും വയനാട്ടുകാരുടെ ക്ഷമ പരീക്ഷിക്കുകയാണ്.

വയനാട്ടിലെ ആദിവാസി ഊരുക്കളിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ രണ്ട് മുന്നണികളും പരാജയപ്പെട്ടിരിക്കുകയാണ്. വയനാട്ടിലെ ആരോഗ്യ സംവിധാനങ്ങളും ഗതാഗത സൗകര്യവും ഏറ്റവും പിന്നാക്കമായതിലും ഇരു മുന്നണികൾക്കും തുല്ല്യപങ്കാണുള്ളത്. അനാവശ്യമായ ഉപതിരഞ്ഞെടുപ്പ് വിളിച്ചുവരുത്തിയതിന് രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് വയനാടൻ ജനത കനത്ത പ്രഹരം തന്നെ നൽകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by