India

രാജ്യവിരുദ്ധ വാര്‍ത്ത ഒന്നിന് 30,000 രൂപ: ഫെലോഷിപ്പ് നല്‍കി വിലക്കെടുത്തു; കേരളത്തില്‍ റെജിമോന്‍ കുട്ടപ്പന്‍ ഉള്‍പ്പെടെ 15 പേര്‍

Published by

ന്യൂദല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി യെ അട്ടിമറിക്കാനുള്ള രാജ്യവിരുദ്ധ പ്രചരണത്തിനായി വാര്‍ത്ത ഒന്നിനു 30,000 രൂപ പ്രതിഫലത്തില്‍ മാധ്യമ പ്രവര്‍ത്തകരെ വിലയ്‌ക്കെടുത്തു. മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകര്‍ മുതല്‍ ഫ്രീലാന്‍സുകാര്‍ വരെ ഫെലോഷിപ്പിന്റെ മറവിലുള്ള പെയ്ഡ് ന്യൂസ് പദ്ധതിയുടെ ഭാഗമായി.
അമേരിക്കയിലെ ഫോര്‍ഡ് ഫൗണ്ടേഷന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യയുടെ മീഡിയ ഫെലോഷിപ്പിന്റെ മറവിലായിരുന്നു രാജ്യവിരുദ്ധ പ്രചരണം.
ജോര്‍ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഫണ്ടു പറ്റിയ ഡിജിപബ് സംഘടനയുടെ തലപ്പത്തുള്ള ധന്യ രാജേന്ദ്രനും സീമ ചിസ്തി യുമാണ് നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യയുടെ മീഡിയ ഉപദേഷ്ടാക്കളായും പ്രവര്‍ത്തിച്ചത്. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രണ്ടാം ഭാര്യയായ സീമ ചിസ്തി ദ് വയര്‍ ന്യൂസ് പോര്‍ട്ടല്‍ എഡിറ്ററുമാണ്.
കേരളം, കശ്മീര്‍, യു പി, മഹാരാഷ്‌ട്ര, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പെയ്ഡ് ന്യൂസ് പദ്ധതി.
ധന്യ രാജേന്ദ്രനും സീമ ചിസ്തി യും ശുപാര്‍ശ ചെയ്യുന്നവര്‍ക്കാണ് ഫെലോഷിപ്പ് അനുവദിച്ചത്.
രാജ്യത്ത് മുസ്ലിങ്ങള്‍ അരക്ഷിതരാണെന്ന് സ്ഥാപിക്കാനായി ലിഞ്ചിങ് , ബീഫ് നിരോധന വാര്‍ത്തകള്‍ പ്രചരിപ്പിക്കുക, യു എ പി എ കേസ് പ്രതികളെ വെള്ളപൂശുക, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കുക,
വികസന പദ്ധതികളെ അട്ടിമറിക്കാന്‍ പരിസ്ഥിതി പ്രശ്ങ്ങള്‍ ഉയര്‍ത്തുക, കോവിഡ് നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു സ്ഥാപിക്കുക, ജാതി വിവേചന വാര്‍ത്തകള്‍ പ്രചരിപ്പിക്കുക തുടങ്ങിയവയായിരുന്നു പ്രതിഫലം ലഭിക്കുന്ന വാര്‍ത്തകളുടെ വിഷയങ്ങള്‍.
മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ ന്യൂനപക്ഷക്കാര്‍, തീവ്ര ഇടതുപക്ഷക്കാര്‍, ബി ജെ പി വിരുദ്ധര്‍ തുടങ്ങിയവരെ തിരഞ്ഞു പിടിച്ചാണ് ഫെലോഷിപ്പ് നല്‍കിയത്. വാര്‍ത്തകള്‍ക്കുള്ള ആശയം നല്‍കാനും ദ് വയര്‍, ന്യൂസ് മിനിട്ട്, ക്വിന്റ് തുടങ്ങിയ ഓണ്‍ ലൈനുകളില്‍ പ്രസിദ്ധീകരിക്കാനും കേന്ദ്രീകൃത സംവിധാനമുണ്ടായി. ഏകദേശം 150 മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് ഫെലോഷിപ്പ് നല്‍കിയത്.
കോഴിക്കോട് സ്വദേശിയായ ഇ. അഷ്ഫാഖാണ് ഗോരക്ഷ പ്രവര്‍ത്തകരുടെ ലിഞ്ചിങ് വാര്‍ത്തകള്‍ നിരന്തരം പ്രസിദ്ധീകരിച്ച് പ്രചരിപ്പിക്കാനുള്ള ഫെലോഷിപ്പ് നേടിയത്.
കാരവനിലും മാധ്യമം പത്രത്തിലും ഇത്തരം വാര്‍ത്തകള്‍ നിരന്തരം വന്നു. ഡിജി പബ് അംഗങ്ങളായ മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരം വാര്‍ത്തകള്‍ കോപ്പിയടിച്ചു പ്രചരിപ്പിച്ചു.
ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഉമര്‍ അഹമ്മദ് കശ്മീരിലെ നിര്‍ദ്ദിഷ്ട ജലവൈദ്യുത പദ്ധതികളുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ചു ജനങ്ങള്‍ക്കിടയില്‍ ഭീതി വളര്‍ത്തുന്ന വാര്‍ത്തകള്‍ ക്വിന്റ്, കശ്മീര്‍ ഒബ്‌സര്‍വര്‍ തുടങ്ങിയവയില്‍ പ്രസിദ്ധീകരിച്ചു.
കശ്മീരിലെ അനന്ത നാഗിലുള്ള ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകന്‍ കശ്മീരില്‍ യു എ പി എ ദുരുപയോഗം ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ക്കാണ് പ്രതിഫലം പറ്റിയത്.
കശ്മീരിലെ ഫര്‍ഹീന്‍ ഖുറേഷി കശ്മീരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു.
യുപിയിലെ സാമുദായിക സംഘര്‍ഷങ്ങളും ബീഫ് വാര്‍ത്തകളുമായിരുന്നു ലക്‌നൗവിലെ അലിഷാന്‍ ജഫ്രിയുടെ സ്‌പെഷലൈസേഷന്‍. സീമ ചിസ്തിയുടെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചായിരുന്നു അലിഷാന്‍ ജഫ്രിയുടെ പ്രവര്‍ ത്തനം.
യുപി ബഹ്‌റിച്ചിലെ അസിസ് മിര്‍സ ഗ്രാമീണരുടെയും ദലിതരുടെയും ദുരിതങ്ങളെ പെരുപ്പിച്ചു കാട്ടി.
ആഗ്രയിലെ മെട്രോ റയില്‍ പദ്ധതിക്ക് തുരങ്കം വയ്‌ക്കാനുള്ള പരിസ്ഥിതി നഗരപൈതൃക ആഘാത വാര്‍ത്തകള്‍ക്കാണ് സുമിത് ചക്രവര്‍ത്തിക്ക് ഫെലോഷിപ്പ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടനവാദം പ്രോല്‍സാഹിപ്പിക്കാന്‍ പ്രത്യേക ഫെലോഷിപ്പുകളും നല്‍കിയിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി വിരുദ്ധ തരംഗം സൃഷ്ടിക്കാനുള്ള പെയ്ഡ് ന്യൂസ് പദ്ധതി തീരെ പരാജയപ്പെട്ടില്ലെന്നാണ് തിരഞ്ഞെടുപ്പു ഫലം തെളിയിച്ചത്.
കേരളത്തില്‍ നിന്ന് എന്‍ എഫ്‌ഐ ഫെലോഷിപ്പ് പറ്റിയത് 15 മാധ്യമ പ്രവര്‍ത്തകരാണ്. സിദ്ദിഖ് കാപ്പന്‍ ജോലി ചെയ്തിരുന്ന അഴിമുഖം പോര്‍ട്ടലാണ് എന്‍ എഫ് ഐയുടെ മലയാളം വിഭാഗം പാര്‍ട്‌നര്‍.
ഫെലോഷിപ്പ് ലഭിച്ച മലയാളികള്‍: റെജിമോന്‍ കുട്ടപ്പന്‍, അഷ്ഫാഖ് ഇ.ജെ, ജിഷ സൂര്യ, നിമിഷ പ്രദീപ്, അമൃത മോഹന്‍, ആരതി എം. ആര്‍ , എലിസബത്ത് തോമസ്, അനന്യ എസ്. പി , അര്‍ച്ചന സി.എ, അര്‍ഷാക് എം.എ, എമിന്ത പോള്‍, ഹസ്‌ന കെ.എച്ച്, ജോമോള്‍ ജോസ്, രശ്മി ജയദാസ്, സിന്ധു നെപ്പോളിയന്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക