പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായ മൂന്നാം തവണയും രാജ്യത്ത് അധികാരമേറ്റെടുത്തു മുന്നോട്ടു പോവുകയാണ്. 2014ലും 2019ലും ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷം നേടി കേന്ദ്രത്തില്‍ ഭരണം പിടിച്ചെടുത്ത ബിജെപി പത്തുവര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. രാജ്യത്തിന്റെ സമസ്ത മേഖലകളിലും പുത്തനുണര്‍വ്വും വികസനക്കുതിപ്പും കാഴ്ച വെച്ച മോദി സര്‍ക്കാര്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തോടെ കേന്ദ്രഭരണം തുടരുകയാണ്.
ഒന്നും രണ്ടും മോദിസര്‍ക്കാരുകളുടെ തുടര്‍ച്ച തന്നെയാണ് മൂന്നാം മോദി സര്‍ക്കാരും. കേന്ദ്രമന്ത്രിമാരുടെ വകുപ്പ് വിഭജനത്തിലടക്കം ഇക്കാര്യം കൂടുതല്‍ വ്യക്തവുമാണ്. 272 എന്ന കേവല ഭൂരിപക്ഷം ബിജെപിക്ക് തനിച്ച് ലഭിച്ചില്ലെങ്കിലും 240 എംപിമാരുമായി ലോക്സഭയിലെ ഏറ്റവും വലിയ കക്ഷിയായി ബിജെപി ഉയര്‍ന്നു. 16 എംപിമാരുള്ള ടിഡിപിയും 12 എംപിമാരുള്ള ജെഡിയുവും 7 പേരുള്ള ശിവസേനയും അഞ്ചുപേരുള്ള എല്‍ജെപിയും അടക്കം 293 പേരുടെ പിന്തുണയാണ് നരേന്ദ്രമോദിക്ക് ലഭിച്ചത്. സ്വതന്ത്ര എംപിമാരടക്കം ആകെ 305 പേര്‍ ഈ സര്‍ക്കാരിനെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. അതിശക്തമായ എന്‍ഡിഎ മുന്നണി സംവിധാനത്തില്‍ സര്‍ക്കാര്‍ സുശക്തമാണെന്ന സന്ദേശമാണ് മൂന്നാം മോദി സര്‍ക്കാര്‍ നല്‍കുന്നത്. രാജ്യത്തെ ഓഹരി വിപണിയിലും ബിസിനസ് രംഗത്തുമടക്കം ഈ ആത്മവിശ്വാസം പ്രകടവുമാണ്. മോദി 3.0 സര്‍ക്കാര്‍ ഒരു തുടര്‍ച്ചയാണെന്നും രാജ്യത്ത് നടപ്പാക്കുന്ന വികസന പദ്ധതികളുടെ ഗതിവേഗം വര്‍ദ്ധിപ്പിക്കലാണ് പ്രഥമ ലക്ഷ്യമെന്നും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും വ്യക്തമാക്കുന്നു.
തുടര്‍ച്ചയായ പത്തുവര്‍ഷങ്ങള്‍ രാജ്യത്ത് പ്രതിപക്ഷത്തിരുന്നിട്ടും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അവരുടെ എംപിമാരുടെ എണ്ണം നൂറിലേക്ക് എത്തിക്കാനായില്ല എന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെ ശ്രദ്ധേയമാക്കിയത്. രാജ്യവ്യാപകമായ പ്രചാരണം നടത്തിയും വിദേശത്തുനിന്നടക്കം സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പ്രചാരണങ്ങളും വ്യാജ പ്രചാരണങ്ങളും ശക്തമാക്കിയും പ്രതിപക്ഷ പാര്‍ട്ടികള്‍ മാസങ്ങളായി നടത്തിയ പരിശ്രമങ്ങള്‍ ദയനീയ പരാജയമായി. കര്‍ഷക പ്രക്ഷോഭത്തിന്റെ മറവില്‍ രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് മേഖലയില്‍ വ്യാപക പ്രചാരണം അഴിച്ചുവിട്ട തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ദളിത് വിഭാഗങ്ങളെ കേന്ദ്രീകരിച്ച് പ്രതിപക്ഷം നടത്തിയ വ്യാജ പ്രചാരണങ്ങളും ചെറുതായി ഫലം കണ്ടു.
യുപിയില്‍ ബിജെപി നേരിട്ട തിരിച്ചടിക്ക് കാരണമായത് ദളിത് വോട്ടുകള്‍ ചെറിയ തോതിലെങ്കിലും നഷ്ടപ്പെട്ടതാണെന്ന് വ്യക്തം. എണ്‍പതു സീറ്റുകളില്‍ 62 ഇടത്ത് എംപിമാരുണ്ടായിരുന്ന ബിജെപിയുടെ യുപിയിലെ ശക്തി 32 എംപിമാരിലേക്ക് ചുരുങ്ങി. വോട്ടിംഗ് ശതമാനത്തിലും യുപിയില്‍ ബിജെപിക്ക് കുറവുണ്ടായി. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 41.37 ശതമാനം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. യുപിയിലടക്കം രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും വോട്ടിംഗ് ശതമാനം കുറഞ്ഞതും ബിജെപിയുടെ സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമായതായി വിലയിരുത്തലുകളുണ്ട്. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുമ്പോഴും ബിജെപി തരംഗം അതിശക്തമായി ആഞ്ഞടിച്ച സംസ്ഥാനങ്ങളുമുണ്ട്.
മധ്യപ്രദേശാണ് ഇതില്‍ ഏറ്റവും പ്രധാനം. ആകെയുള്ള 29 ലോക്സഭാ സീറ്റുകളില്‍ 29 ഇടത്തും മധ്യപ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറി. ഇന്‍ഡോറില്‍ പത്തുലക്ഷത്തിന് മുകളിലും വിദിശയില്‍ എട്ടേകാല്‍ ലക്ഷത്തിനടുത്തുമാണ് ഭൂരിപക്ഷം. ഗുജറാത്തിലും ബിജെപി തരംഗം ആഞ്ഞടിച്ചു. 26ല്‍ 25 ഇടത്തും ബിജെപി വിജയിച്ചു. ബനസ്‌കന്തയില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയം. ദല്‍ഹി, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ ഒറ്റ സീറ്റു പോലും നേടിയെടുക്കാന്‍ പ്രതിപക്ഷത്തിനായില്ല. ഛത്തീസ്ഗഢിലെ 11ല്‍ പത്തിടത്തും ബിജെപി വിജയിച്ചപ്പോള്‍ കോര്‍ബയില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയം. ഗോണ്ട് വന ഗണതന്ത്ര പാര്‍ട്ടിയും ചില സ്വതന്ത്രരും പിടിച്ച വോട്ടുകളാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി സരോജ് പാണ്ഡെയുടെ പരാജയത്തിന് വഴിവെച്ചത്. രാജ്യമെങ്ങും പ്രതിപക്ഷ വോട്ടുകളുടെ ശക്തമായ ഏകീകരണം നടന്നതാണ് ബിജെപിയുടെ സീറ്റുകളുടെ എണ്ണം കുറയാന്‍ കാരണമായത്. ഏതാണ്ട് ആകെ ആറുലക്ഷം വോട്ടുകള്‍ക്ക് ബിജെപിക്ക് നഷ്ടമായത് 33 ലോക്സഭാ സീറ്റുകളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019നേക്കാള്‍ 63 സീറ്റുകള്‍ ബിജെപിക്ക് കുറഞ്ഞപ്പോഴും രാജ്യത്താകമാനം ബിജെപിയുടെ വോട്ട് വിഹിതത്തില്‍ കുറവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2019ല്‍ 37.30 ശതമാനം വോട്ട് നേടിയ ബിജെപി 2024ല്‍ 36.56ശതമാനം വോട്ടുകളാണ് രാജ്യത്ത് നേടിയത്.
തുടര്‍ച്ചയായി പത്തുവര്‍ഷം രാജ്യം ഭരിച്ചിട്ടും ബിജെപിയ്‌ക്കുള്ള പിന്തുണ കുറഞ്ഞിട്ടില്ലെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം. പ്രധാനമന്ത്രിയേയും ബിജെപിയേയും കേന്ദ്രീകരിച്ച് വലിയ പ്രചാരണം നടത്തിയിട്ടും കോണ്‍ഗ്രസിന്റെ വോട്ടിംഗ് ശതമാനത്തില്‍ ഉണ്ടായ വര്‍ദ്ധനവ് ഒന്നര ശതമാനമാണ്. 21.19 ശതമാനമാണ് ഇത്തവണ ലഭിച്ച വോട്ട്. എന്നാല്‍ സീറ്റുകളുടെ എണ്ണം 52ല്‍ നിന്ന് 99 ലേക്ക് ഉയര്‍ന്നു. ചെറിയ വോട്ടുകളുടെ കുറവില്‍ ബിജെപിക്ക് നഷ്ടമായ സീറ്റുകളില്‍ ചെറിയൊരു പങ്ക് പ്രതിപക്ഷ ഏകീകരണത്തോടെ കോണ്‍ഗ്രസിനും ലഭിച്ചിട്ടുണ്ട്. യുപി, ബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളും പ്രതിപക്ഷ വോട്ടുകളുടെ ഏകീകരണത്തോടെ നേട്ടങ്ങളുണ്ടാക്കി. യുപിയില്‍ സമാജ് വാദി പാര്‍ട്ടിക്ക് 37 സീറ്റുകളും തമിഴ്നാട്ടില്‍ ഡിഎംകെയ്‌ക്ക് 22 സീറ്റുകളും ലഭിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസാവട്ടെ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിന്റെ പ്രയോജനത്തില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബംഗാളില്‍ വീണ്ടും വിജയിക്കുകയും ചെയ്തു. ടിഎംസി വിജയിച്ച എല്ലാ സീറ്റുകളിലും വോട്ടുകള്‍ ബിജെപിക്കും കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിനുമായി വിഭജിച്ചു പോയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ആന്ധ്രയില്‍ ടിഡിപി-ബിജെപി സഖ്യം അതിശക്തമായ വിജയമാണ് നേടിയത്. ലോക്സഭാ സീറ്റുകളും സംസ്ഥാന ഭരണവും സഖ്യം പിടിച്ചു. തെലങ്കാനയില്‍ പകുതി സീറ്റുകള്‍ ബിജെപി വിജയിച്ചപ്പോള്‍ കര്‍ണ്ണാടകയില്‍ ഒരു പരിധിവരെ കോട്ട കാക്കാനും സാധിച്ചു.
കേരളത്തിലടക്കം നേടിയ രാഷ്‌ട്രീയ വിജയത്തോടെ ദക്ഷിണ ഭാരതത്തില്‍ എന്‍ഡിഎയുടെ സീറ്റുകള്‍ 49 ആയി ഉയര്‍ന്നു. യുപിയില്‍ വലിയതോതില്‍ സീറ്റുകള്‍ നഷ്ടമായപ്പോഴും ബീഹാറില്‍ ബിജെപി-ജെഡിയു-എല്‍ജെപി സഖ്യം മികച്ച മുന്നേറ്റം നടത്തി. നാല്‍പ്പതില്‍ 30 സീറ്റുകളും എന്‍ഡിഎ സഖ്യം നേടി. ഇത്തരത്തില്‍ വലിയ നഷ്ടങ്ങളില്ലാതെ തുടര്‍ച്ചയായ മൂന്നാം വട്ടവും രാജ്യത്ത് അധികാരത്തിലെത്താന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിന് സാധിച്ചു എന്നത് വലിയ നേട്ടം തന്നെയാണ്. 1962ലെ പൊതുതെരഞ്ഞെടുപ്പ് വിജയത്തോടെ രാജ്യത്ത് തുടര്‍ച്ചയായ മൂന്നുവട്ടം അധികാരത്തിലെത്തിയ പ്രധാനമന്ത്രിയായി ജവഹര്‍ലാല്‍ നെഹ്രു മാറിയിരുന്നു. അതിന് ശേഷം ആറുപതിറ്റാണ്ട് കഴിഞ്ഞാണ് രാജ്യത്ത് ഒരു നേതാവിന് തുടര്‍ച്ചയായ മൂന്നു തെരഞ്ഞെടുപ്പ് വിജയങ്ങളുണ്ടാവുന്നത്. നരേന്ദ്രമോദിയുടെ നേട്ടത്തെ ചരിത്ര വിജയമായി തന്നെ കണക്കാക്കേണ്ടതുണ്ട്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ഒരു തെരഞ്ഞെടുപ്പിലും ഇത്തവണ ബിജെപി നേടിയ 240 സീറ്റുകള്‍ എന്ന നേട്ടം മറികടക്കാന്‍ രാജ്യത്തെ മറ്റു പാര്‍ട്ടികള്‍ക്കായിട്ടുമില്ല.
ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ 1984ലെ തെരഞ്ഞെടുപ്പിലാണ് ഭരണപക്ഷത്തിന്റെ ഭൂരിപക്ഷം നാനൂറ് കടന്നത്. എന്നാല്‍ 1989ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയത് 197 സീറ്റുകള്‍ മാത്രമാണ്. പിന്നീട് 2014ല്‍ മോദിയുടെ നേതൃത്വത്തിലാണ് കേവല ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ രാജ്യത്തെത്തിയത്. ശക്തമായ എന്‍ഡിഎ മുന്നണി യാതൊരു തരത്തിലുള്ള അസ്വാരസ്യങ്ങളുമില്ലാതെ വകുപ്പ് വിഭജനം അടക്കം പൂര്‍ത്തീകരിച്ച് മുന്നോട്ട് പോകുമ്പോള്‍ കേവല ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിനെ മറിച്ചിടാമെന്ന ദിവാസ്വപ്നത്തിലാണ് കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും. എന്നാല്‍ കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി രാജ്യത്ത് സജീവമായി നിലനില്‍ക്കുന്ന എന്‍ഡിഎ മുന്നണിയെ തകര്‍ക്കാനാവുമെന്ന പ്രതീക്ഷ വരും നാളുകളില്‍ പ്രതിപക്ഷത്തിന് ഇല്ലാതാകും.
തുടര്‍ച്ചയായ മൂന്നാം തവണയും പ്രതിപക്ഷത്ത് തന്നെ ഇരിക്കാനാണ് കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും പറഞ്ഞിട്ടുള്ളത്. രാജ്യത്തെ ജനങ്ങള്‍ പ്രതിപക്ഷത്തെ വിശ്വസിക്കുന്നില്ല. സീറ്റുകള്‍ കുറയുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ ഇഷ്ടത്തിന് യാതൊരു കുറവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: