ശ്രീനഗര്‍: ജമ്മു കശ്മീര്‍ റിയാസിയിലെ വെടിവെപ്പില്‍ യാത്രക്കാരെല്ലാം മരിച്ചുവെന്ന് ഉറപ്പാക്കാന്‍ ഭീകരര്‍ ബസിന് നേരെ വീണ്ടും വെടിയുതിര്‍ത്തതായി വെളിപ്പെടുത്തല്‍. ഡ്രൈവര്‍ക്ക് വെടിയേറ്റതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ബസ് മലയിടുക്കിലേക്ക് പതിച്ചതാണ് അപകടത്തില്‍ മരണ സംഖ്യ ഉയരാന്‍ കാരണം. ബസ് മലയിടുക്കിലേക്ക് പതിച്ചശേഷവും ഭീകരര്‍ വാഹനത്തിന് നേരെ വെടിയുതിര്‍ത്തു. ഭീകരരില്‍ നിന്ന് രക്ഷപ്പെടാനായി മരിച്ചതുപോലെ കിടന്നതായും രക്ഷപ്പെട്ടവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്കി.
ശിവ്ഖോരി ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാത് വൈഷ്ണോദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പിലേക്കുള്ള യാത്രയ്ക്കിടെയാണ് തീര്‍ത്ഥാടകരുടെ വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. ശിവ്ഖോരിയില്‍ നിന്ന് മടങ്ങി അരമണിക്കുറിനുള്ളില്‍ ഭീകരരുടെ ആക്രമണമുണ്ടായി. അപകടത്തില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. നിമിഷങ്ങള്‍ക്കകം ബസ് മലയിടുക്കിലേക്ക് പതിച്ചു. എന്നിട്ടും ഭീകരര്‍ വാഹനത്തിനു നേരെ വെടിയുതിര്‍ത്തു. ആളുകള്‍ നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ഭീകരര്‍ വെടിയുതിര്‍ത്താലോയെന്ന് ഭയന്ന് എല്ലാവരോടും നിശബ്ദത പാലിക്കാന്‍ സംഘാംഗങ്ങള്‍ ആവശ്യപ്പെട്ടുവെന്ന് രക്ഷപ്പെട്ടവര്‍ പ്രതികരിച്ചു.
അതേസമയം ഭീകരര്‍ രണ്ടല്ല, ഏഴ് പേരുണ്ടായിരുന്നെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖം മറച്ച രണ്ട് ഭീകരരാണ് വാഹനത്തിന് നേരെ വെടിയുതിര്‍ത്തതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. പാകിസ്ഥാന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഷ്കറിന് കീഴിലുള്ള റസിഡന്‍സ്റ്റ് ഫ്രണ്ട്(ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. എന്‍ഐഎയ്ക്കാണ് അന്വേഷണച്ചുമതല. ഫോറന്‍സിക് വിദഗ്ധര്‍ ഇവിടെയെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. പ്രദേശത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കരസേന, ജമ്മു കശ്മീര്‍ പോലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രദേശത്തെ കാടുകളില്‍ തെരച്ചില്‍ നടത്തുന്നത്. അതിനിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹങ്ങള്‍ സ്വദേശമായ ജയ്പൂരിലെത്തിച്ചു. മുര്‍ലിപുര നിവാസികളായ പൂജ സെയ്നി, ഇവരുടെ രണ്ടു വയസുള്ള മകന് ലിവാന്‍ശ്, ബന്ധുക്കളായ രാജേന്ദ്ര സെയ്നി, മമ്ത സെയ്നി എന്നിവരുടെ മൃതദേഹങ്ങള്‍ ട്രെയിന്‍ വഴിയാണ് ജയ്പൂരിലെത്തിച്ചത്. പൂജയുടെ ഭര്‍ത്താവ് പവന് സെയ്നിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ജയ്പൂരിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: