ഗണപതിയുടെ ഇഷ്ട പുഷ്പങ്ങള്‍ കറുക, ചെമ്പകം, മഞ്ഞപ്പൂക്കള്‍ മന്ദാരം, ജാതിമല്ലി, ജമന്തി, ഇവയാണ്. പ്രധാന അഭിഷേക വസ്തുക്കള്‍ മഞ്ഞള്‍പ്പൊടി, വാസനദ്രവ്യം, പഞ്ചഗവ്യം, പഞ്ചാമൃതം, പഴച്ചാര്‍, പാനകം, ശുദ്ധമായ തേന്‍, കരിമ്പന്‍ ചാര്‍, ഇളനീര്‍, ചന്ദനം, ശുദ്ധജലം,എന്നിവയും ഇഷ്ടപഴങ്ങള്‍ ,മാമ്പഴം, തേന്‍വരിക്ക, ചക്കപ്പഴം, കദളിപ്പഴം, പേരയ്‌ക്ക, മാതളം, ഞാവല്‍ പഴം, എന്നിവയാണ്.
മോദകം, കൊഴുക്കട്ട, എള്ളുണ്ട, മാവ് കൊഴുക്കട്ട, നാളികേര കൊഴുക്കട്ട, ഇഡ്ഢലി, കടുംപായസം, ശര്‍ക്കര പായസം, അവല്‍, നെല്‍ പൊരി, നാളികേരം എന്നിവ നൈവേദ്യം ആയി നല്‍കാം.
പച്ചരി കല്ലുകളഞ്ഞ് ശുദ്ധി ചെയ്ത് എള്ളുമായി കലര്‍ത്തി വെള്ളം വറ്റിച്ച് ഗണപതി മൂലമന്ത്രം ജപിച്ച്‌കൊണ്ട് ഹോമിയ്‌ക്കുകയും 101 തവണ പശുവിന്‍ നെയ്യില്‍ മുക്കി ഹോമിക്കുകയും ചെയ്താല്‍ ദാരിദ്ര്യം മാറും എന്നാണ് വിശ്വാസം.
കടിഞ്ഞൂല്‍ പെറ്റ പശുവിന്റെ പുളിക്കാത്ത തൈരും, പച്ചരിയും ചേര്‍ത്ത് ഉണ്ടാക്കിയ തൈര് സാദം കൊണ്ട് ആവര്‍ത്തിച്ച് ഒരു മണ്ഡലം ഹോമിച്ചാല്‍ കുടുംബാഭിവൃദ്ധിക്ക് കാരണമാകും. ശുദ്ധിചെയ്ത നെല്‍പ്പൊരി ജനിച്ച നാള്‍ തുടങ്ങി 27-ാം നാള്‍ വരെ അവിരാമം ഹോമം ചെയ്താല്‍ ശിശുവിന് ബുദ്ധിശക്തി കൂടും.
ധനവര്‍ദ്ധനവിനു കറുകപ്പുല്ല്
മംഗല്യസിദ്ധിക്ക് നെല്‍പ്പൊരി
ദിനവും നെയ്യില്‍ മുക്കിയ കറുകപ്പുല്ല് ഹോമം ചെയ്യുന്നവരുടെ ധനപരമായ ബുദ്ധിമുട്ട് മാറും. കറുത്തവാവ് കഴിഞ്ഞവരുന്ന ജന്മ നക്ഷത്രത്തിലോ ജന്മദിനത്തിലോ ഒരു വെള്ളി പാത്രത്തില്‍ നെയ്യ്, പശുവിന്‍പാല്‍ ഇവ കലര്‍ത്തി, ശുദ്ധിയാക്കിയ നെല്‍പൊരി ഇതില്‍ മുക്കി ഹോമിച്ചാല്‍ വിവാഹ തടസ്സം മാറും.
ശത്രുനാശത്തിന് വീരഗണപതി, ബിസിനസ് വിജയത്തിന് ഉച്ഛിഷ്ട ഗണപതി, ജീവിത തടസ്സങ്ങള്‍ മാറാന്‍ മഹാഗണപതി പൂജയും ആണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.
അഭീഷ്ട സിദ്ധിക്ക് ബാല ഗണപതി ഹോമം, ഭയമോചനത്തിന് ശക്തി ഗണപതിഹോമം, ഐശ്വര്യത്തിനും സമ്പത്തിനും ലക്ഷ്മിവിനായക, വിഘ്‌ന നിവാരണത്തിന് വിഘ്‌ന ഗണപതി, സര്‍വ്വ വിജയത്തിന് മഹാഗണപതി, ദുഃഖ വിമോചനത്തിന് സങ്കടഹര ഗണപതി തുടങ്ങിയ പൂജകള്‍ ഉത്തമമാണ്.
ഏത്തമിടല്‍
തിരുസന്നിധിയില്‍ ഏത്തം ഇടുന്നതും ശ്രദ്ധയോടെ വേണം. ഇടത് കൈ വലത് ചെവിയിലും വലത് കൈ ഇടത് ചെവിയിലും പിടിച്ച് കാലുകള്‍ രണ്ടും പിണച്ച് നിന്ന് കൈമുട്ട് രണ്ടും നിലത്ത് മുട്ടിച്ചു കുമ്പിടുന്ന രീതിയാണ് ഏത്തം. ‘ഇടത് കാലിന്‍മേല്‍ ഊന്നി നിന്ന് വലതുകാല്‍ ഇടതുകാലിന്റെ മുന്നില്‍ കൂടി ഇടത്തോട്ടു കൊണ്ടു പോയി പെരുവിരല്‍ മാത്രം നിലത്ത് തൊട്ട് നില്‍ക്കണം. നടുവിരലും ചൂണ്ടുവിരലും കൂടി വലത്തേ ചെവിയും വലത്തെ കൈയുടെ മുന്‍വശത്ത് കൂടി ഇടത്തോട്ട് കൊണ്ടുപോയി മുന്‍പറഞ്ഞ രണ്ടു വിരല്‍ കൊണ്ട് ഇടത്തെ ചെവിയും പിടിച്ചു വേണംഏത്തം ഇടുവാന്‍.
ഭഗവാന്‍ ഗണേശന്റെ മൂല മന്ത്രമായ ഓം ഗം ഗണപതായ നമ: എന്ന മന്ത്രം ശുദ്ധമനസ്സോടെ 108 പ്രാവശ്യം ദിവസവും ജപിക്കുക. തുടര്‍ന്ന് ഗണേശ സഹസ്രനാമം, ഗണേശ അഷ്ടോത്തരം ഇവയും ജപിക്കാം. തേങ്ങയും ചക്കരയും ഉള്ളില്‍ വച്ച് കൊഴുക്കട്ട ഉണ്ടാക്കി ഭഗവാന് നേദിക്കുവാനും സാധാരണക്കാര്‍ക്ക് എളുപ്പം കഴിയും. അവല്‍, തേങ്ങ, ശര്‍ക്കര ഇവ മൂന്നും കൂട്ടി പ്രസാദമായി ഭഗവാന് നല്‍കാം. പ്രസാദം അയല്‍വാസികള്‍ക്കും സമര്‍പ്പിക്കണം. വിനായക ചതുര്‍ത്ഥി വ്രതം എടുത്ത് പ്രാര്‍ത്ഥിച്ചാല്‍ ശിവലോക പ്രാപ്തി ഉണ്ടാകും എന്നാണ് വിശ്വാസം.
ഗണേശ ഗായത്രി മന്ത്രം
‘ഓം ഏകദന്തായ വിദ് മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തി പ്രചോദയാത്’
ഇതാണ് ഗണേശ ഗായത്രി മന്ത്രം. 108 ഉരു ഗണേശ ഗായത്രി ദിവസവും ജപിക്കുന്നത് സര്‍വ്വ ഐശ്വര്യത്തിനും നിദാനമാകും. കൂടാതെ 21 കറുകപ്പല്ലുകള്‍ വീതമുള്ള 21 കെട്ടുകള്‍ കൊണ്ട് മാലയുണ്ടാക്കി ഗണേശ വിഗ്രഹത്തില്‍ അണിയിക്കുകയും ചെയ്യാം.
സന്ധ്യാസമയത്ത് ഗണേശ കവചം, സങ്കടനാശന ഗണപതി സ്‌തോത്രം, ഗണേശ സ്തവം എന്നിവ ജപിക്കുന്നതും കുടുംബ ഐശ്വര്യത്തിന് ഉതകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക