Kerala

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ് ; 3പ്രതികള്‍ക്ക് ജാമ്യം, രണ്ടാം പ്രതിയായ ഡോക്ടര്‍ ഷഹന ഹാജരായില്ല

അഞ്ച് വര്‍ഷക്കാലം ശരീരത്തില്‍ കത്രികയുമായി നരകയാതന അനുഭവിച്ച ഹര്‍ഷീന പലവട്ടം സമരം നടത്തിയ ശേഷമാണ് സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്

Published by

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ കെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. ശസ്ത്രക്രിയ നടത്തിയ സംഘത്തിലെ തളിപ്പറമ്പ് സൗപര്‍ണികയില്‍ ഡോ. സി.കെ. രമേശന്‍ (42), സ്റ്റാഫ് നഴ്‌സുമാരായ പെരുമണ്ണ പാലത്തുംകുഴി എം രഹന (33), ദേവഗിരി കളപ്പുരയില്‍ കെ ജി മഞ്ജു (43) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. രണ്ടാം പ്രതി ഡോ.ഷഹന കോടതിയില്‍ ഹാജരായില്ല.

കുന്നമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ചൊവ്വാഴ്ച ഹാജരായ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

2017 നവംബര്‍ 30നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടന്നത്. ഐപിസി 338 അനുസരിച്ച് അശ്രദ്ധമായ പ്രവൃത്തി മൂലം മനുഷ്യജീവന് അപകടമുണ്ടാക്കിയെന്ന രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

കേസിലെ ഒന്നാം പ്രതി ഡോ സി കെ രമേശന്‍ നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. ഡോ ഷഹ്ന മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും നഴ്‌സുമാരായ രഹ്നയും മഞ്ജുവും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ജോലി ചെയ്യുന്നു.

അഞ്ച് വര്‍ഷക്കാലം ശരീരത്തില്‍ കത്രികയുമായി നരകയാതന അനുഭവിച്ച ഹര്‍ഷീന പലവട്ടം സമരം നടത്തിയ ശേഷമാണ് സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ വീഴ്ച അംഗീകരിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ലെങ്കിലും പൊലീസ് അന്വേഷണത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയിലാണ് വീഴ്ച ഉണ്ടായതെന്ന് കണ്ടെത്തുകയായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by