കൊച്ചി : എറണാകുളം റൂറൽ ജില്ലയുടെ ഡോഗ് സ്ക്വാഡിന് കരുത്ത് പകർന്ന് അന്വേഷണത്തിന് കൂട്ടാളിയായി ഇവർ ആറ് പേർ. ലാബ് ഇനത്തിൽപ്പെട്ട ജാമി, മിസ്റ്റി, ബീഗിൾ വംശജ ബെർട്ടി, ബെൽജിയം മാൽ നോയ്സായ മാർലി, അർജുൻ, ജെർമ്മൻ ഷെപ്പേർഡായ ടിൽഡ എന്നിവരാണ് ഇപ്പോൾ ഡോഗ് സ്ക്വാഡിലുള്ളവർ.
എട്ട് വയസുള്ള ജാമിയും, നാല് വയസുള്ള ബെർട്ടിയും , മൂന്നര വയസുള്ള അർജ്ജുനും സ്ഫോടക വസ്തുക്കൾ കണ്ട് പിടിക്കാൻ വിദഗ്ദരാണ്. ആറ് വയസ്സുള്ള മിസ്റ്റി നാർക്കോട്ടിക്ക് വസ്തുക്കൾ കണ്ടുപിടിക്കാൻ വൈദഗ്ദ്യം നേടിയ നായയാണ്. നാല് വയസുള്ള മാർലിയും ഒന്നര വയസുള്ള ടിൽഡയും മിടുക്കരായ ട്രാക്കർമാരാണ്.
നിരവധി കേസുകളുടെ അന്വേഷണത്തിന് തുണയായവരാണ് ഈ ശ്വാനസംഘം. റെയിൽവേ സ്റ്റേഷനിലും മറ്റും മയക്കുമരുന്ന് കണ്ട് പിടിക്കുന്നതിനും , പരിശോധനകൾക്കും നിർണ്ണായക സ്വാധീനം ചെലുത്തിയവരാണ് ഇവർ. കൊലപാതകമുൾപ്പടെയുള്ള കേസുകൾക്ക് തുമ്പുണ്ടാക്കുന്നതിനും കെ9 സംഘം മുമ്പിലുണ്ട്.
കളമശരി ഡി എച്ച് ക്യു ആസ്ഥാനത്ത് രാവിലെ 6.45 മുതൽ എട്ട് വരെയാണ് ഇവരുടെ പരിശീലനം. പിന്നെ അരമണിക്കൂർ ഗ്രൂമിംഗ്. തുടർന്ന് ഡ്യൂട്ടി. പ്രത്യേക ഭക്ഷണവും താമസവുമുണ്ട് ഈ സ്ക്വാഡിന്.
പഞ്ചാബ്, രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് വാങ്ങിയത്. ജാമി ഹരിയാനയിലാണ് പരിശീലനം പൂർത്തിയാക്കി റൂറൽ ടീമിനൊപ്പം ചേർന്നത്. ബാക്കിയുള്ളവരുടെ ഒമ്പതു മാസത്തെ പരീശീലനം തൃശൂർ കേരള പോലീസ് അക്കാദമിയിലായിരുന്നു.
സബ് ഇൻസ്പെക്ടർ മോഹൻ കുമാർ, എ.എസ്.ഐ വി.കെ സിൽജൻ, സീനിയർ സി.പി.ഒ മാരായ വില്യംസ് വർഗീസ്, പ്രഭീഷ് ശങ്കർ എന്നിവർ ഉൾപ്പെടുന്ന പന്ത്രണ്ട് പേരാണ് ഹാന്റൽമാർ. എറണാകുളം റൂറൽ ജില്ലയ്‌ക്ക് കാവലും, സുരക്ഷിതത്വവും പകർന്ന് ഉത്തരവാധിത്വത്തിന്റെ നായ് രൂപമാവുകയാണ് ഈ ശ്വാനസംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: