തിരുവനന്തപുരം: നാലാം ലോക കേരള സഭയുടെ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ മൂന്ന് ലോക കേരള സഭകളിലേക്കും തനിക്ക് ക്ഷണം ഉണ്ടായിരുന്നില്ല. തന്നോട് ചെയ്തത് എല്ലാം മനസിലുണ്ടെന്നും ഗവർണർ പ്രതികരിച്ചു.
തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നവരുടെ പരിപാടിക്ക് താൻ എന്തിന് പോവണമെന്നും അദ്ദേഹം ചോദിച്ചു. കൊല്ലത്ത് വെച്ച് തനിക്ക് നേരെ അക്രമം ഉണ്ടായി. അക്രമത്തെ പിന്തുണയ്‌ക്കുന്നവര്‍ക്ക് ഒപ്പം താനില്ല. നിയമസഭ അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളെ ഇകഴ്‌ത്തുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും നിരന്തരം ഉണ്ടാകുന്നത്. വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കുനേരെ എസ് എഫ് ഐയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും തന്റെ കാർ തടയുന്ന സ്ഥിതിയുമുണ്ടായപ്പോൾ സർക്കാർ മൗനം പാലിക്കുകയായിരുന്നു.
എസ് എഫ് ഐയുടെ നടപടികൾ ജനാധിപത്യപരമായ പ്രതിഷേധം എന്നു പറഞ്ഞ് ഒമ്പത് മന്ത്രിമാർ നായീകരിക്കുകയായിരുന്നു. ലോക കേരള സഭ, കേരളീയം എന്നിവയിലൂടെ ധൂർത്തും തോന്നിയവാസവുമാണ് നടക്കുന്നതെന്നും ഗവർണർ കുറ്റപ്പെടുത്തി. അക്രമത്തിന്‍റേയും ബോംബിന്‍റേയും സംസ്‌കാരത്തെ തിരസ്‌കരിച്ച കണ്ണൂരിലെ ജനങ്ങളെ താന്‍ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
തിങ്കളാഴ്ചയാണ് ചീഫ് സെക്രട്ടറി വി.വേണു ലോക കേരള സഭ ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. എന്നാല്‍ കടുത്ത ഭാഷയില്‍ ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് തിരിച്ചയച്ച ഗവര്‍ണര്‍ ലോക കേരള സഭ ഉദ്ഘാടനം ചെയ്യാനില്ലെന്ന് അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: