കോട്ടയം: ബാര്‍കോഴ ആരോപണത്തില്‍ ജുഡീഷ്യല്‍, വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ത്തി പ്രതിപക്ഷം നിയമസഭയിലടക്കം സമരം ശക്തമാക്കിയതോടെ കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ ക്രൈംബ്രാഞ്ചിന്റെ നീക്കം.
മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് അര്ജുന് രാധാകൃഷ്ണനോട് ബാര്‍കോഴ ആരോപണ ഗൂഢാലോചന അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി. ഒരുകാലത്ത് ബാര്‍ ഉടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അഡ്മിന് ആയിരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് ഈമെയിലില്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശം. നേരത്തെ അര്ജുന് രാധാകൃഷ്ണന്റെ വീട്ടിലെത്തി നോട്ടീസ് നല്കാന് ശ്രമിച്ചെങ്കിലും തനിക്ക് ബാറുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി അര്ജുന് നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് ഇ മെയിലില്‍ നോട്ടീസ് അയച്ചത്. പണ്ട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അഡ്മിനായിരുന്നുവെങ്കിലും ഇപ്പോള്‍ അല്ലെന്ന് അര്ജുന് ചൂണ്ടിക്കാട്ടി. എന്നാല്‍ ഗ്രൂപ്പില്‍ നിലവില്‍ അംഗമാണെന്നും ഇത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നുമാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
വിവാദ ശബ്ദരേഖ ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് പ്രചരിച്ചത്. അര്‍ജുന്റെ ഭാര്യാ പിതാവിന് ബാറുണ്ട്. ഇതുവഴിയാണ് ബാറുടമകളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ അര്ജുന് ഇടം പിടിച്ചതെന്നറിയുന്നു.
ബാര്‍കോഴ ആരോപണത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം. ബി. രാജേഷ് നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. പ്രതിപക്ഷം സഭ സ്തംഭിപ്പിച്ച് പ്രക്ഷോഭം നടത്തുന്നതിനിടെ കോണ്‍ഗ്രസിലെ തന്നെ ഒരു മുന്‍നിര നേതാവിന്റെ മകനെതിരെ ആരോപണത്തിന്റെ കുന്തമുന തിരിച്ചുവിട്ട് പ്രതിഷേധം തണുപ്പിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: