കോട്ടയം: കറുപ്പുടുപ്പു പ്രതിഷേധം അവസാനിപ്പിച്ച് പാലായിലെ സിപിഎം കൗണ്‍സിലറും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ബിനു പുളിക്കക്കണ്ടം. സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് മാണി വിഭാഗം സിപിഎമ്മിനെ ചതിച്ചതില്‍ പ്രതിഷേധിച്ച് ആരംഭിച്ച ഈ കറുപ്പുടുപ്പു പ്രതിഷേധം സംസ്ഥാനതലത്തില്‍ തന്നെ വളരെയേറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
മുന്‍ധാരണ ഉണ്ടായിട്ടും പാലാ നഗരസഭ അധ്യക്ഷ പദവി സിപിഎമ്മിന് കൈമാറാത്തതില്‍ പ്രതിഷേധിച്ചാണ് ബിനു പുളിക്കക്കണ്ടം വെള്ള വസ്ത്രം ഉപേക്ഷിച്ച് കറുത്ത ഷര്‍ട്ടിലേക്ക് മാറിയത്. പാലാ മുനിസിപ്പാലിറ്റിയില്‍ സഖ്യകക്ഷികളായ സിപിഎമ്മും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ചേര്‍ന്നാണ് ഭരണം. അതിനാല്‍ ചെയര്മാന് പദവി വീതം വച്ചിരിക്കുകയായിരുന്നു.
അഞ്ചുവര്‍ഷ കാലയളവില്‍ മൂന്നാമത്തെ ടേമില്‍ സിപിഎമ്മിനാണ് ചെയര്മാന് പദവി ലഭിക്കേണ്ടത് . പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചത് ബിനു പുളിക്കക്കണ്ടം മാത്രമാണ്. മറ്റു കൗണ്‍സിലര്‍മാരെല്ലാം പാര്‍ട്ടി സ്വാതന്ത്രരായി ജയിച്ചു വന്നവരാണ്. എല്ലാവരും സ്ത്രീകളും. അതിനാല്‍ ബിനു പുളിക്കക്കണ്ടത്തിനാണ് ചെയര്മാന് സ്ഥാനം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ജോസ് കെ മാണിയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ബിനുവിന് ചെയര്മാന് പദവി നല്‍കിയില്ല. മാണി വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിന് മറ്റു ചില കാരണങ്ങളാല്‍ സിപിഎം വഴങ്ങിക്കൊടുക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സിപിഎമ്മിലെ സ്വതന്ത്രയായ ജോസിന് ബിനോയെ ചെയര്‍പേഴ്സണാക്കി.
തനിക്ക് ചെയര്മാന് പദവി ലഭിക്കാതെ പോയതില്‍ പ്രതിഷേധിച്ച് ബിനു അന്നുമുതല്‍ കറുത്ത ഷര്‍ട്ടണിഞ്ഞു നടക്കാന്‍ തുടങ്ങി. അതുവരെ വെള്ളവസ്ത്രം മാത്രം ധരിച്ചിരുന്ന ബിനു നഗരസഭാ യോഗങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുയിടങ്ങളില്‍ കറുത്ത ഷട്ടണിഞ്ഞാണ് പ്രത്യക്ഷപ്പെട്ടിരുന്നത്.
എന്നാല്‍ ഇപ്പോള്‍ വ്യക്തമായ കാരണങ്ങള്‍ പറയാതെയാണ് കറുപ്പുടുപ്പു പ്രതിഷേധം അവസാനിപ്പിക്കുന്നത്. ജോസ് കെ.മാണി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനാല്‍ ഇനി പാലാ നിയമസഭാ നിയോജകമണ്ഡലത്തില്‍ മത്സരിക്കില്ലെന്ന് ഉറപ്പായെന്നും ഈ സാഹചര്യത്തിലാണ് പ്രതിഷേധം പിന്‍വലിക്കുന്നതെന്നും ബിനു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: