ക്രിസ്തുവിന്റെ തിരുഹൃദയ സാദൃശ്യത്തില്‍, തൃശ്ശൂര്‍ എംപി സുരേഷ് ഗോപിയെ ഉള്‍ച്ചേര്‍ത്തതിനു പിന്നില്‍ കൃത്യവും ഗൂഢവുമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. തൃശ്ശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ സുരേഷ് ഗോപി നടത്തിയ കിരീട സമര്‍പ്പണം വിവാദമാക്കിയതിനു പിന്നിലും ഇതേ ലക്ഷ്യങ്ങള്‍ ആര്‍ത്തിരമ്പിയത് കേരളം കണ്ടതാണ്. ഒരു വ്യക്തി ആരാധനാലയങ്ങളിലേക്കു നല്കുന്ന നേര്‍ച്ചക്കാഴ്ച്ചകളില്‍ പോലും രാഷ്ട്രീയം തിരുകിക്കയറ്റാനും അതില്‍ തങ്ങളുടെ പക്ഷമാണ് ശരിയായ രാഷ്ട്രീയ പക്ഷമെന്നു വരുത്തി തീര്‍ക്കാനുമുള്ള ശ്രമങ്ങളുമാണ് നടക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ കാവലാള്‍ തങ്ങള്‍ മാത്രമാണെന്നു സ്ഥാപിക്കാനുള്ള ശ്രമങ്ങളും ഇഴചേര്‍ന്നു കിടന്നിരുന്നതായി കാണാം. ഇത്തരം ഗിമ്മിക്കുകളെ ജനം അപ്പാടെ തള്ളി.
ഇതു കൂടാതെ, തൃശ്ശൂരിനെയും പ്രത്യേകിച്ച് തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടര്‍മാരെയും കളിയാക്കിയും അപകീര്‍ത്തിപ്പെടുത്തിയും ട്രോളുകളും പോസ്റ്ററുകളും വീഡിയോകളും സ്ഥിരമായി വരുന്നുണ്ട്. എന്നാലിവിടെ കാണാതെ പോകുന്ന നഗ്നമായ ചില രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളുണ്ട്. കേരളത്തില്‍ ജീവിക്കുന്ന ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീങ്ങളും ചിരവൈരികളോ ആജന്മ ശത്രുക്കളോ അല്ല. മതമൈത്രിയിലും സമാധാനത്തിലും തലമുറകളായി ജീവിക്കുന്ന അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളും വികസനോന്മുഖ നിലപാടുകളുണ്ട്. ആരോടും പകയില്ലാതെ, സ്നേഹബഹുമാനങ്ങളോടെ ജീവിക്കുന്ന അവരെ തമ്മില്‍ പരസ്പരം ഭിന്നിപ്പിക്കാന്‍ പലരും പയറ്റുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളെ അവര്‍ സ്വമേധയാ പുച്ഛിച്ചു തള്ളിയിരിക്കുന്നു. അവരതിന് കൃത്യമായ മറുപടി ബാലറ്റിലൂടെ നല്കിയിരിക്കുന്നു.
വെറുപ്പും വിദ്വേഷവും കുത്തി നിറച്ചു പരസ്പരാരോപണങ്ങള്‍ ഉന്നയിച്ചു നടന്ന തെരഞ്ഞെടുപ്പില്‍, വെറുപ്പിന്റെ വിശേഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരുകാര് സമ്മാനിച്ച വിജയം ഇന്നിന്റെ ശക്തമായ മുന്നറിയിപ്പാണ്. രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ആ വ്യക്തിയില്‍ നന്മ കാണാനും, സ്നേഹിക്കാനും അയാളുടെ കാഴ്ച്ചപ്പാടുകള്‍ മനസ്സിലാക്കി അംഗീകരിക്കാനും തൃശ്ശൂരുകാര് ശ്രമിച്ചതിന്റെ ഫലമാണ് ഈ വിജയം. സുരേഷ് ഗോപിയെ മാനസികമായും സാങ്കേതികപരമായും തൃശ്ശൂരുകാര് അംഗീകരിച്ചിരിക്കുന്നു. അതും സര്‍വ്വ മേഖലകളില്‍ നിന്നും നിസീമമായ പിന്തുണ നേടിക്കൊണ്ടുള്ള വിജയം. കിരിട സമര്‍പ്പണം കൊണ്ടുണ്ടായ വിവാദത്തെ സുരേഷ് ഗോപി പക്വമായി നേരിട്ടു. തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കൊപ്പം സകല ജനവിഭാഗത്തെയും ചേര്‍ത്തു നിര്‍ത്തുന്ന പ്രായോഗികത മുന്നോട്ടു വെച്ചത് ഇവിടുത്തെ ജനം മനസ്സാല്‍ അംഗീകരിച്ചതിന്റെ കൂടി തെളിവാണ് അദ്ദേഹത്തിന്റെ വിജയം.
2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിനും സര്‍വ്വോപരി നമ്മുടെ രാജ്യത്തിനും നല്കുന്ന സന്ദേശവും ഇതുതന്നെയാണ്, രാഷ്ട്രീയത്തോടൊപ്പം കാഴ്ച്ചപ്പാടുകളും വ്യക്തികളിലെ നന്മയും ജനം അംഗീകരിക്കും.
അധികം വൈകാതെ തന്നെ, തൃശ്ശൂരുകാര് ശരിയുടെ പക്ഷത്തായിരുന്നുവെന്ന യാഥാര്‍ത്ഥ്യം കേരളമൊട്ടാകെ തിരിച്ചറിയും. രാഷ്ട്രീയത്തോടൊപ്പം വ്യക്തികളിലെ നന്മയും കാഴ്ച്ചപ്പാടുകളും വികസനോന്മുഖതയും ചര്‍ച്ച ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പുകള്‍ക്കാണ് നാമിനി സാക്ഷ്യം വഹിക്കാനിരിക്കുന്നതെന്നു ചുരുക്കം.
രാഷ്ട്രീയത്തില്‍ സാമൂഹ്യ പ്രതിബദ്ധതയും നന്മയും പരസ്പര പൂരകങ്ങളാണ്. സാമൂഹ്യ ്രപതിബദ്ധതയുള്ള നല്ല മനുഷ്യര്‍ കടന്നുവരുന്ന മേഖലയായി രാഷ്ട്രീയമേഖല മാറുന്നത് ശുഭോദര്‍ക്കമാണ്. സ്നേഹത്തിന്റേയും മാനവികതയുടേയും കരുതലിന്റെയും സര്‍വ്വോപരി ദേശീയതയുടെയും രാഷ്ട്രീയം ഇവിടെ ഉദിച്ചുയരട്ടെ.
(തൃശൂര്‍ സെന്റ്.തോമസ് കോളജ് അസി. പ്രൊഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: