പത്തനംതിട്ട: ജില്ലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഭീഷണി തുടര്‍ന്ന് സിപിഎം നേതാക്കള്‍. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കാല് മാത്രമല്ല കൈയും വെട്ടാന്‍ അറിയാമെന്നാണ് സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം ജെയ്സണ്‍ സാജന് ജോസഫിന്റെയും മറ്റ് നേതാക്കളുടെയും ഭീഷണി.
വനംവകുപ്പിനെതിരെ പത്തനംതിട്ട കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് കൊലവിളി പ്രസംഗം. ജനകീയ ജനാധിപത്യ വിപ്ലവം മാത്രമല്ല സായുധസമരവും അറിയാമെന്നായിരുന്നു ജെയ്സന്റെ ഭീഷണി. പത്തനംതിട്ട കടമ്മനിട്ട ലോ കോളജ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതികൂടിയാണ് ജെയ്സണ്‍.
അതേസമയം ബൂട്ടിട്ട് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് പരിശോധനയ്ക്ക് വരുന്ന വനം വകുപ്പ് ജീവനക്കാര്‍ ഒറ്റക്കാലില്‍ നടക്കാനുള്ള അഭ്യാസം കൂടി പഠിക്കണമെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം ജോബി ടി. ഈശോയുടെ പ്രകോപന പ്രസംഗം. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുരേഷിന്റെ തോളില്‍ തട്ടിയപ്പോള്‍ കൊലപാതക ശ്രമത്തിന് കേസ് എടുത്തു. എന്നാല്‍ കൊലപാതകശ്രമത്തിന് ഇനിയും നിങ്ങള്‍ക്ക് നിരവധി കേസുകള്‍ കൊടുക്കേണ്ടിവരുമെന്നും ജോബി ഭീഷണി മുഴക്കി.
വനംവകുപ്പ് ജീവനക്കാരെ കൈയേറ്റം ചെയ്തുവെന്ന പരാതിയില്‍ പത്തനംതിട്ട ചിറ്റാര്‍ പോലീസ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പരാതി നല്‍കിയിട്ടും നാല് ദിവസം വൈകിയാണ് സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 12 സിപിഎം പ്രവര്‍ത്തകരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഫോറസ്റ്റ് വനിതാ ജീവനക്കാരിയുടെ കൈപിടിച്ച് തിരിച്ചുവെന്നും ജീവനക്കാരെ പ്രതികള്‍ സംഘം ചേര്‍ന്ന് കൈയേറ്റം ചെയ്തുവെന്നും എഫ്ഐആറില്‍ പറയുന്നു. കൊച്ചുകോയിക്കല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുരേഷ് കുമാറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. റോഡിനരികെ മുറിച്ചിട്ട നിലയില്‍ കണ്ടെത്തിയ തടികള്‍ പരിശോധിച്ചതായിരുന്നു പ്രശ്നത്തിന്റെ തുടക്കം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടികള്‍ പരിശോധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. തുടര്‍ന്നുണ്ടായ വാക്കേറ്റം, കൈയേറ്റത്തില്‍ കലാശിക്കുകയായിരുന്നു. വനഭൂമിയില്‍ അനധികൃതമായി സിപിഎം കൊടിമരം സ്ഥാപിച്ചത് വനം വകുപ്പ് നീക്കം ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നും വനംവകുപ്പ് ഉദ്യോഗസ്ഥനെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തി. സിപിഎം ഭീഷണിയെത്തുടര്‍ന്ന് പത്തനംതിട്ട അടവി ഇക്കോ ടൂറിസം സെന്റര്‍ അടച്ചിട്ടിരുന്നു. പിന്നീട് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ടൂറിസം സെന്റര്‍ തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: