കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തുവെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വസ്തുതാ വിരുദ്ധവും സത്യസന്ധതയ്ക്ക് നിരക്കാത്തതുമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ പി. മുജീബ് റഹ്മാന്.
കേരളത്തിലെ മുസ്ലിം സമുദായം അനര്‍ഹമായി പലതും നേടിയെടുക്കുന്നു എന്ന രീതിയിലുള്ള പ്രചാരണം പല കേന്ദ്രങ്ങളിലും രൂപപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ വസ്തുത വെളിപ്പെടുത്തുന്ന രീതിയിലുള്ള ധവളപത്രം സര്‍ക്കാര്‍ പുറത്തിറക്കണം. തെറ്റായ പ്രചാരണം അര്‍ഹമായ അവകാശം ചോദിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കും. പ്രസ്താവന വെള്ളാപ്പള്ളി തിരുത്തണം. സമുദായങ്ങള്‍ തമ്മിലെ പ്രശ്നമായി ഇതിനെ സര്‍ക്കാര്‍ വിട്ടുകൊടുക്കരുത്. ആനുപാതികമായ പ്രാതിനിധ്യം സര്‍ക്കാര്‍ ജോലിയില്‍ ഇല്ല. നിയമനിര്‍മാണ സഭകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിം പ്രാതിനിധ്യം കുറവാണ്. സമസ്തയിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടണം. അതില്‍ കക്ഷിചേരാന്‍ ആഗ്രഹിക്കുന്നില്ല. ഈ വിഷയത്തില്‍ ജമാഅത്തിനെ കക്ഷിയാക്കിയാല്‍ തരക്കേടില്ല എന്ന് കരുതുന്നവര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയ്ക്കെതിരേ പ്രബോധനം വാരികയില്‍ വന്ന ലേഖനത്തെ ജമാഅത്തെ ഇസ്ലാമിയുടെ നിലപാടായി വായിക്കേണ്ടതില്ല. ആനുകാലിക വിഷയങ്ങളില്‍ പ്രബോധനത്തില്‍ ലേഖനങ്ങള്‍ വരാറുണ്ട്. ഇതിനെയും അങ്ങനെ കണ്ടാല്‍ മതി.
കേരളത്തില്‍ ബിജെപിയുടെ വോട്ട് വര്‍ധന മതേതര പാര്‍ട്ടികള്‍ ഗൗരവത്തോടെ കാണണം. ഇത്തരം സ്ഥലങ്ങളില്‍ പരസ്പരം മത്സരിക്കാതിരിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അസിസ്റ്റന്റ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, അസിസ്റ്റന്റ് സെക്രട്ടറി സമദ് കുന്നക്കാവ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: