തൃശ്ശൂര്‍: കുന്നംകുളത്ത് മരിച്ചനിലയില്‍ യുവാവിനെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ചുരുളഴിയുന്നു. സംഭവം കൊലപാതകമാണെന്നും യുവാവിനെ ആശുപത്രിയിലെത്തിച്ച സുഹൃത്തുക്കളാണ് കൃത്യത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.
കേസില്‍ സുഹൃത്തുക്കളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വടുതല ഉള്ളിശ്ശേരി ചുങ്കത്ത് ശ്രീശാന്ത് (23), ചെറുവത്താനി പോലിയത്ത് ഷിജിത്ത് (27), ചെറുവത്താനി മൂര്‍ത്താട്ടില്‍ വിഷ്ണുരാജ് (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചെറുവത്താനി സ്വദേശി വിഷ്ണു(26)വിനെയാണ് കഴിഞ്ഞദിവസം മരിച്ചനിലയില്‍ കുന്നംകുളത്തെ ആശുപത്രിയില്‍ എത്തിച്ചത്. അഞ്ഞൂരില്‍ പാക്കത്ത് ശ്രീക്കുട്ടന് എന്ന ആനയെ കെട്ടുന്ന പറമ്പില്‍ വച്ചാണ് സംഭവത്തിന്റെ തുടക്കം. മരിച്ച വിഷ്ണു ദിവസവും ആനത്തറിയില്‍ വരുന്നത് ചോദ്യം ചെയ്ത പ്രതികള്‍ ഇയാളുമായി തര്‍ക്കം ഉണ്ടാകുകയും ഇത് സംഘട്ടനത്തില്‍ കലാശിക്കുകയുമായിരുന്നു. തുടര്‍ന്ന് റോഡിലിറങ്ങിയ വിഷ്ണുവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു.
മൂവര്‍ സംഘത്തിന്റെ മര്‍ദ്ദനമേറ്റ വിഷ്ണു റോഡില്‍ തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തന്നെ ഇയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും വണ്ടിയില്‍ നിന്ന് വീണാണ് അപകടം പറ്റിയത് എന്ന് പറയുകയും ചെയ്തു. ഇതില്‍ സംശയം തോന്നിയ ആശുപത്രി ഡോക്ടര്‍ പോലീസിനെ വിവരം അറിയിച്ചു.
തുടര്‍ന്ന് പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെടുത്തത്. എല്ലാം കൃത്യമായി മനസ്സിലാക്കിയ പോലീസ് മൂന്നുപേരെയും ഉടനെ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വീട്ടുവളപ്പില്‍ സംസ്കാരം നടത്തി. ഗ്രീഷ്മ, രേഷ്മ എന്നിവര്‍ സഹോദരിമാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: