കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥിനിയെ ബസ് ഇടിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്. നല്ലളം പൊലീസാണ് കേസ് എടുത്തത്. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസ്. സീബ്രാ ലൈനിലെ മരണപ്പാച്ചിലിൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പും അറിയിച്ചു.
ഇക്കഴിഞ്ഞ ഏഴിന് വൈകിട്ടാണ് സംഭവം നടന്നത്. കൊളത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിനി ഫാത്തിമ റിനയെയാണ് അമിത വേഗത്തില്‍ വന്ന ബസ് ഇടിച്ച് തെറിപ്പിച്ചത്. ചെറുവണ്ണൂര്‍ സ്കൂളിന് മുന്നിലെ സീബ്ര ലൈനില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ ബസ് ഇടിച്ചത്.
ബസ് ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുകയായിരുന്നു ഫാത്തിമ. സീബ്ര ലൈനിലൂടെ ഇരുവശത്തും നോക്കി റോഡ് മുറിച്ചുകടക്കുകയായിരുന്ന ഫാത്തിമയെ, കോഴിക്കോട് നിന്ന് കാളികാവിലേക്ക് പോവുകയായിരുന്ന ബസ്സാണ് അമിത വേഗതയിലെത്തി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഫാത്തിമ ബസ്സിനടിയിലേക്ക് വീണുപോയി.
ഫാത്തിമയെ സംഭവ സ്ഥലത്തുണ്ടായിരുന്നവർ ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീര വേദനയുണ്ടായിരുന്നെങ്കിലും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: