ന്യൂദൽഹി: തുടർച്ചയായ മൂന്നാം തവണ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു. ദൽഹിയിലെ സൗത്ത് ബ്ലോക്കിലെ തന്റെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. കർഷക ക്ഷേമ പദ്ധതിയായ ‘പിഎം കിസാൻ നിധി’യുമായി ബന്ധപ്പെട്ട ഫയലാണ് അധികാരമേറ്റശേഷം മോദി ആദ്യം ഒപ്പുവച്ചത്. കിസാൻനിധിയുടെ 17-ാം ഗഡു വിതരണം ചെയ്യുന്നത് അനുവദിച്ചുകൊണ്ടുള്ളതാണിത്. ഏകദേശം 20,000 കോടി രൂപയാണ് വിതരണംചെയ്യുക. 9.3 കോടി കർഷകർക്ക് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കും.
‘കർഷക ക്ഷേമത്തിന് പ്രതിജ്ഞാബദ്ധരായ സർക്കാരാണ് ഞങ്ങളുടേത്. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രിയായി ചുമതിലയേറ്റതിന് കർഷകരുടെ ഉന്നമനത്തിന് വേണ്ടിയുള്ള ഫയലലിൽ തന്നെ ആദ്യം ഒപ്പ് വച്ചത്. വരും സമയങ്ങളിൽ കർഷക ക്ഷേമത്തിനും കാർഷിക മേഖലയ്‌ക്കുമായി പ്രവർത്തിക്കാനായി ഞങ്ങൾ ആഗ്രഹിക്കുന്നു’ – ഫയലിൽ ഒപ്പ് വച്ചതിന് പിന്നാലെ പ്രധാനമന്ത്രി പറഞ്ഞു.
ചുമതലയേൽക്കാൻ സൗത്ത് ബ്ലോക്കിലെത്തിയ മോദിയെ അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായ പികെ മിശ്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത്ത് ഡോവൽ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ചേർന്നാണ് സ്വീകരിച്ചത്. ഇരുവശവും നിന്ന് നിറഞ്ഞ കയ്യടികളോടെയാണ് പ്രധാനമന്ത്രിയെ ഉദ്യോഗസ്ഥർ വരവേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: