Kerala

മുസ്ലീം സമുദായത്തെ മാത്രം മുഖ്യമന്ത്രി പ്രീണിപ്പിച്ചു, അവർ മുന്നണിക്ക് വോട്ട് ചെയ്തതുമില്ല മറ്റുള്ളവർ അകലുകയും ചെയ്തു- പിണറായിക്കെതിരെ സിപിഐ

Published by

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ചേർന്ന സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് യോ​ഗത്തിൽ മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പെരുമാറ്റമാണ് മുന്നണിയെ ദയനീയ പരാജയത്തിലേക്ക് നയിച്ചതെന്നാണ് നേതാക്കളുയർത്തിയ വിമർശനം. മുസ്ലീം സമുദായത്തെ മാത്രം പ്രീണിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയതെന്നും ഈ സമു​ദായം ഇടത് മുന്നണിക്ക് വോട്ടു ചെയ്തില്ലെന്ന് മാത്രമല്ല, മറ്റ് സമു​ദായങ്ങൾ മുന്നണിയിൽ നിന്ന് അകലുകയും ചെയ്തെന്നും യോ​ഗം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിന് മുമ്പ് പൗരത്വനിയമത്തെ മുൻനിർത്തി നടത്തിയ യോഗങ്ങളിൽ എല്ലാ ജില്ലകളിലും മുസ്ലീം സമുദായത്തെ മാത്രം പ്രീണിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. എന്നാൽ ഈ സമുദായത്തിന്റെ വോട്ട് എൽ.ഡി.എഫിന് ലഭിച്ചില്ല. ഹിന്ദുക്കളടക്കമുള്ള മറ്റ് സമുദായങ്ങൾ എൽ.ഡി.എഫിൽനിന്ന് അകലുകയും ചെയ്തു. എല്ലാ മതങ്ങളേയും ഒരുമിച്ച് നിർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും നേതാക്കൾ വിമർശിച്ചു. എൽ.ഡി.എഫിന്റെ വോട്ടുകളും ബി.ജെ.പിയിലേക്ക് പോയി. ഈഴവ സമുദായം എൽ.ഡി.എഫിൽ നിന്ന് അകന്നു.

എൽ.ഡി.എഫിന് മേൽക്കൈയുണ്ടായിരുന്ന പല ബൂത്തുകളിലും ബി.ജെ.പി.ക്ക് വോട്ട് കൂടിയിട്ടുണ്ട്. ഇത് പരിശോധിക്കണം. സർക്കാർ പുനർവിചിന്തനം ചെയ്യണം. എൽ.ഡി.എഫിന് വേണ്ടത് എല്ലാ മതങ്ങളേയും സമുദായങ്ങളേയും ഒരുമിച്ച് കൊണ്ടു പോകേണ്ട അനുരഞ്ജനത്തിന്റെ വഴിയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

ക്ഷേമ പെൻഷനുകൾ മുടങ്ങിയതും സപ്ലൈകോയിൽ സാധനങ്ങളില്ലാത്തതും തിരഞ്ഞെടുപ്പിനെ ബാധിച്ചു. മന്ത്രി ജി.ആർ.അനിലിന്റെ സാന്നിധ്യത്തിലായിരുന്നു ഈ വിമർശനം. മുതിർന്ന പൗരൻമാരുടെ ബാലറ്റ് പേപ്പർ വോട്ടുകളിൽ വന്ന വോട്ടു വ്യതിയാനം ഇതിന് തെളിവാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഇത് കണ്ട് സർക്കാർ തിരുത്തണമെന്നും മണ്ഡലം തലത്തിലുള്ള വിശദമായ റിപ്പോർട്ടുകൾക്ക് ശേഷം ചർച്ചകൾ തുടരാമെന്നും ജില്ലാ എക്‌സിക്യുട്ടീവ് തീരുമാനിച്ചു.

പന്ന്യൻ രവീന്ദ്രനെ പോലെ മുൻ എം.പി.യെ നിർത്തിയിട്ടും കഴിഞ്ഞ തവണത്തെക്കാൾ വോട്ടു കുറഞ്ഞത് സി.പി.ഐ.യെ പ്രതിരോധത്തിലാക്കിയിരുന്നു. പല സ്ഥലത്തും പ്രതീക്ഷിച്ച വോട്ടുപോലും തിരുവനന്തപുരം മണ്ഡലത്തിൽ സി.പി.ഐ.ക്ക് ലഭിച്ചില്ല. ആറ്റിങ്ങലിലും സമാന സ്ഥിതിയുണ്ടായിരുന്നു. എൽ.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിൽ ബി.ജെ.പി. നടത്തിയ മുന്നേറ്റം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും ധാർഷ്ട്യത്തോടെയുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തേയും നേതാക്കൾ വിമർശിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by