മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളെയും ഞെട്ടിച്ച് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗത്തിന് വിജയം. മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ഡയറക്ടറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എ.കെ. അനുരാജാണ് വിജയിച്ചത്. ഏഴ് സീറ്റില്‍ സിപിഎമ്മും രണ്ടെണ്ണത്തില്‍ ലീഗും രണ്ടെണ്ണത്തില്‍ കോണ്‍ഗ്രസും വിജയികളായി. വിദ്യാര്‍ത്ഥി പ്രതിനിധിയായി എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി വിജയിച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് ഇടത് വലത് പ്രതിനിധിയല്ലാത്ത ഒരാള്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും എതിര്‍പ്പിനെ മറികടന്നാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളില്‍ ഉള്‍പ്പെട്ട ഒരാള്‍ വിജയിക്കുന്നത്.
കെ.പി. പ്രദീപ്കുമാര്‍ (തൃശ്ശൂര്‍ വ്യാസ എന്‍എസ്എസ് കോളജ്), പ്രൊ.എ. മുഹമ്മദ് ഹനീഫ, ഡോ.ടി. മുഹമ്മദ് സലീം (പ്രിന്‍സിപ്പല്‍, ഫറോക്ക് ട്രെയിനിങ് കോളജ്), ഇ. അബ്ദു റഹിം (പാലക്കാട് സ്‌നേഹ കോളജ്, മാനേജര്‍), എം.ബി. ഫൈസല്‍ (മലപ്പുറം ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ്), പി. സുശാന്ത് (പിടിഎം ഗവ. കോളജ് പെരിന്തല്‍മണ്ണ), പി.പി. സുമോദ് എംഎല്‍എ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഇടതു പ്രതിനിധികള്‍.
പി. താജുദ്ദീനാണ് വിദ്യാര്‍ത്ഥി പ്രതിനിധി. ടി.ജെ. മാര്‍ട്ടിന്‍ (സര്‍വകലാശാല മുന്‍ ജീവനക്കാരന്‍), പി. മധു (ലാബ് അസിസ്റ്റന്റ്, മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളജ്) എന്നിവരാണ് വിജയിച്ച കോണ്‍ഗ്രസ്സ് പ്രതിനിധികള്‍. ഡോ. റഷീദ് അഹമ്മദ് (കരുവാരക്കുണ്ട് കെടിഎം കോളജ്), ടി.പി. ഹംസ (പുറമണ്ണൂര്‍ മജ്‌ലിസ് കോളജ്) എന്നിവരാണ് മുസ്ലിം ലീഗില്‍ നിന്നുള്ള വിജയികള്‍.
ആകെ 108 വോട്ടുകളില്‍ 106 പേര്‍ വോട്ടു ചെയ്തു. ഗവര്‍ണറും ചാന്‍സ്‌ലറുമായ ആരിഫ് മുഹമ്മദ് ഖാന്‍, ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത കപില വേണു എന്നിവര്‍ വോട്ടുചെയ്യാനെത്തിയില്ല. രാവിലെ 10 മണിക്ക് ആരംഭിച്ച പോളിങ് ഉച്ചയോടെ സമാപിച്ചു.
കനത്ത പോലീസ് സുരക്ഷയിലാണ് പോളിങ് നടന്നത്. ആനുപാതിക വോട്ടിങ് അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രാത്രി 10.30 നാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ 12 ല്‍ 10 സീറ്റില്‍ വിജയിച്ച സിപിഎമ്മിന് ഇത്തവണ മൂന്ന് സീറ്റുകള്‍ നഷ്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: