ബാര്‍ബഡോസ്: ട്വന്റി20 ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തുരത്തി ഓസ്ട്രേലിയ. ഇന്നലെ പുലര്‍ച്ചെ നടന്ന ഗ്രൂപ്പ് ബിയിലെ പോരാട്ടം ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന മത്സരമായിമാറി. 36 റണ്‍സിനാണ് ഓസ്ട്രേലിയ ജയിച്ചത്.
രണ്ട് ഇന്നിങ്സുകളിലെയും ടോട്ടല്‍ 350 കടന്നിട്ടും മത്സരത്തില്‍ ഒരാള്‍പോലും 50 റണ്‍സ് സ്കോര്‍ ചെയ്തില്ല എന്ന പ്രത്യേകത കൂടിയുണ്ട്.
ഓസ്ട്രേലിയ മുന്നില്‍ വച്ച 202 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഫില്‍ സാള്‍ട്ടും നായകന് ജോസ് ബട്ട്ലറും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 7.1 ഓവറില്‍ 73 റണ്‍സെടുത്തു. ഓസീസ് സ്പിന്നര്‍ ആദം സാംപ സാള്‍ട്ടിനെ(37) ക്ലീന്‍ ബൗള്‍ഡാക്കി കൂട്ടുകെട്ട് പൊളിച്ചു. അധികം വൈകാതെ ബട്ട്ലറെയും(42) സാംപ പുറത്താക്കി. ഇതോടെ ഇംഗ്ലണ്ട് തളര്‍ന്നു. പിന്നീട് മൊയീന്‍ അലിയും(25) ഹാരി ബ്രൂക്കും(20*) എല്ലാം ശ്രമിച്ചു പൊരുതി നോക്കിയെങ്കിലും ഓസീസ് ടോട്ടല്‍ മറികടക്കാന്‍ നന്നായി പണിപ്പെട്ടു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്കായി അവരുടെ മുന്‍നിര മദ്ധ്യനിര ബാറ്റര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. ആരും തന്നെ അര്‍ദ്ധസെഞ്ചുറി തികയ്ക്കുകയോ അതിനപ്പുറമുള്ള മികച്ച സ്കോര്‍ കണ്ടെത്തുകയോ ചെയ്തില്ല. പക്ഷെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ബാറ്റര്‍മാരെല്ലാം മികച്ച പ്രകടനം കാഴ്ച്ചവച്ചാണ് മടങ്ങിയത്.
ട്രാവിസ് ഹെഡ്(34), ഡേവിഡ് വാര്‍ണര്‍(39), മിച്ചല്‍ മാര്‍ഷ്(35), ഗ്ലെന്‍ മാക്സ്വെല്(28), മാര്‍കസ് സ്റ്റോയിനിസ്(30) എന്നിവരുടെ കരുത്തന് ബാറ്റിങ് മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 201 റണ്‍സിന്റെ മികച്ച ടോട്ടല്‍ കണ്ടെത്തിയത്. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍ രണ്ട് വിക്കറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: