ചന്ദ്രബാബു നായിഡു ഇപ്പോള്‍ മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പ്രധാന ശക്തിയായി മാറിയതോടെ ആന്ധ്രയിലെ ചില കമ്പനികളുടെ ഓഹരികള്‍ ജൂണ്‍ 10 തിങ്കളാഴ്ചയും കുതിപ്പ് തുടര്‍ന്നേക്കുമെന്ന് സൂചനകള്‍. അവസാന വ്യാപാരദിനമായ ജൂണ്‍ ഏഴ് വെള്ളിയാഴ്ചയും ഈ ഓഹരികള്‍ വലിയ തോതില്‍ മുകളിലേക്ക് കുതിച്ചിരുന്നു.
ചന്ദ്രബാബു നായിഡുവുമായി ബന്ധപ്പെട്ട കമ്പനികളാണ് ഹെറിറ്റേജ് ഫുഡ്സും കെസിപി ലിമിറ്റഡും. ചന്ദ്രബാബു നായിഡു കുടുംബത്തിനും സ്വാധീനമുള്ള ഹെറിറ്റേജ് ഫുഡ്സിന്റെ ഓഹരികള്‍ കഴിഞ്ഞ നാല് ദിവസമായി 55 ശതമാനത്തോളം ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച മാത്രം 10 ശതമാനം ഉയര്‍ന്നു. വെള്ളിയാഴ്ച മാത്രം ഏഴ് ശതമാനത്തോളം ഉയര്‍ന്ന കെസിപി ലിമിറ്റഡ് കഴിഞ്ഞ നാല് വ്യാപാര ദിനങ്ങളില്‍ 38 ശതമാനത്തോളം ഉയര്‍ന്നു.
ആന്ധ്രയില്‍ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു തിരിച്ചെത്തുന്നതോടെ അമരാവതിയെന്ന തലസ്ഥാനം വീണ്ടും വികസനക്കുതിപ്പ് കൈവരിക്കും. ഇതോടെ ഇവിടുത്തെ ഹോട്ടല്രംഗം, സിമന്റ്, ഷുഗര്‍, എഞ്ചിനീയറിംഗ് എന്നിവയില്‍ സാന്നിധ്യമുള്ള കെസിപി ലിമിറ്റഡ് മെച്ചപ്പെടും. ഇതാണ് ഈ കമ്പനിയുടെ ഓഹരി ജൂണ്‍ 10 തിങ്കളാഴ്ചയും മുകളിലേക്ക് കുതിച്ചേക്കുമെന്ന് സാധ്യത ഉയര്‍ത്തുന്നത്. ആന്ധ്രയില്‍ നിന്നുള്ള പ്രധാന കമ്പനികളായ അമരരാജ ബാറ്ററീസ്, ആന്ധ്ര ഷുഗേഴ്സ്, ആന്ധ്ര സിമന്റ്സ് എന്നിവയും മുകളിലേക്ക് കുതിക്കുമെന്ന് പ്രതീക്ഷയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: