പൂനെ: സക്ഷമയുടെ സേവാപ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനവുമായി ദേശീയ സമ്മേളനം. പൂനെ മഹര്‍ഷി കാര്‍വെ വിദ്യാലയത്തില്‍ സമാപിച്ച രണ്ട് ദിവസത്തെ സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ദിവ്യാംഗരുള്പ്പെടെ ആയിരത്തി ഇരുനൂറോളം പ്രതിനിധികളാണ് പങ്കെടുത്തത്.
എല്ലാ ജില്ലകളിലും ദിവ്യാംഗ സേവാകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതുള്‍പ്പെടെ ഭിന്നശേഷി ക്ഷേമവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. ശാരീരിക മാനസിക വെല്ലുവിളികളെ മറികടന്ന് ജീവിതത്തില്‍ ഉന്നത വിജയം നേടിയവരെ സമ്മേളനം ആദരിച്ചു.
നേത്രദാനം മഹാദാനമെന്ന സന്ദേശം പകര്‍ന്ന് സമ്മേളന നഗരിയില്‍ നിന്നാരംഭിച്ച ശോഭായാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സക്ഷമ ഭാരതം സമര്‍ത്ഥ ഭാരതം എന്ന മുദ്രാവാക്യമാണ് സക്ഷമയുടേതെന്ന് സമാപന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുഹാസ്റാവു ഹിരേമഠ് പറഞ്ഞു. ഭാരതം സമര്ത്ഥമാകണമെങ്കില് സക്ഷമമായ സംഘടനാശക്തി അനിവാര്യമാണ്. ദിവ്യാംഗക്ഷേമത്തിനായി ഭാരതത്തില്‍ ബഹുഭൂരിപക്ഷം വരുന്ന സജ്ജന ശക്തിയെ കരുത്തുറ്റ സംഘടനയുടെ പിന്‍ബലത്തില്‍ സക്ഷമ സമാഹരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു..
അഡ്വ. ഗോവിന്ദരാജ് ദേശീയ അധ്യക്ഷന്‍
സക്ഷമ ദേശീയ അധ്യക്ഷനായി അഡ്വ. ഗോവിന്ദരാജിനെ ദേശീയ സമ്മേളനം തെരഞ്ഞെടുത്തു. അഡ്വ. ഉമേഷ് അങ്കെരെയാണ് ജനറല്‍ സെക്രട്ടറി. സംഘടന സെക്രട്ടറിയായി ചന്ദ്രശേഖര്‍, ട്രഷററായി സതീശ് എന്നിവരേയും സമ്മേളനം തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്നുള്ള ഡോ. ആശാ ഗോപാലകൃഷ്ണന് ദേശീയ ഉപാധ്യക്ഷയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: