രാമോജി റാവു എന്നറിയപ്പെടുന്ന ചെറുകുരി രാമോജി റാവു കൈവയ്ക്കാത്ത മേഖലകളൊന്നും തന്നെയില്ലെന്ന് പറയാം. സിനിമാ മേഖലയിലും മാധ്യമരംഗത്തും നൂതന വിപ്ലവത്തിന് തുടക്കം കുറിച്ച അദ്ദേഹം ഏര്‍പ്പെടാത്ത മേഖലകള്‍ വളരെ കുറവാണ്. എന്നാല്‍ തൊട്ടതെല്ലാം പൊന്നാക്കിയതാണ് ആന്ധ്രയുടെ ഈ ഇതിഹാസ പുരുഷന്റെ ചരിത്രം.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയില്‍ ഒരു കാര്‍ഷക കുടുംബത്തിലാണ് 1936 നവംബര്‍ 16ന് രാമോജി റാവു ജനിച്ചത്. വെങ്കട്ട സുബ്ബറാവു, വെങ്കട്ട സുബ്ബമ്മ എന്നിവരായിരുന്നു മാതാപിതാക്കള്‍. 1962ല്‍ മാര്‍ഗദര്‍ശി ചിട്ടി ഫണ്ട് ആരംഭിച്ചു. തുടര്‍ന്ന് ഉഷാകിരണ് മൂവീസ് എന്ന പേരില്‍ തുടങ്ങിയ സിനിമാ കമ്പനിയിലൂടെയാണ് സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. സിനിമാ നിര്‍മാണരംഗത്തെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചറിഞ്ഞാണ് 1996ല്‍ രാമോജി റാവു ഫിലിം സിറ്റിയിലൂടെ ഏവരെയും വിസ്മയപ്പെടുത്തിയത്.
1666 ഏക്കറിലായി നിറഞ്ഞുനില്ക്കുന്ന ഫിലിം സിറ്റിയില്‍ സിനിമയുടെ എല്ലാ കാര്യവും ഒരു കുടക്കീഴില് യാഥാര്‍ത്ഥ്യമാക്കുവാന്‍ ഇതിലൂടെയായി. ഒപ്പം സിനിമനിര്മാതാക്കള്ക്ക് വന്‍ സാമ്പത്തികവും സമയലാഭവും ലഭിക്കുന്നതായിരുന്നു ഇത്. കഴിഞ്ഞ 28 വര്‍ഷമായി ലോകത്തിനുമുന്പില് തലയുയര്‍ത്തി നില്‍ക്കുകയാണ് രാമോജി റാവു ഫിലിം സിറ്റി. കുറഞ്ഞത് 20 സിനിമകളെങ്കിലും ഇവിടെ ഒരു ദിവസം ഷൂട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. 1350 രൂപ നല്കിയാല് സിനിമയുടെ വിസ്മയനഗരം കാണാം.
സിനിമാനിര്‍മാണത്തിന്റെ എല്ലാവശങ്ങളും സാധാരണക്കാരന് മനസിലാക്കിക്കൊടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സിനിമാ തീം പാര്‍ക്കായ രാമോജി ഫിലിം സിറ്റി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിട്ടുണ്ട്. ഈ നഗരം കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 5000 പേര് നിത്യവും എത്തുന്നുവെന്നതാണ് പ്രത്യേകത.
2015ല്‍ രാമോജി റാവു ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള രാമോജി ഫിലിം സിറ്റിക്ക് സമീപം ഓം സ്പിരിച്വല്‍ സിറ്റി നിര്‍മ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള 108 ക്ഷേത്രങ്ങളുടെ പകര്‍പ്പുകള്‍ ഈ നഗരത്തിലുണ്ടാകും എന്നായിരുന്നു പ്രഖ്യാപനം. കൊവിഡ് മഹാമാരിക്കാലത്ത് തെലങ്കാന, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് രാമോജി റാവു 10 കോടി രൂപ വീതം സംഭാവന നല്‍കിയിരുന്നു.
മാധ്യമരംഗത്തും പുതുവിപ്ലവത്തിന് നേതൃത്വം നല്കാന് അേദ്ദഹത്തിനായി. 1969ല്‍ ‘അന്നദാത’ എന്ന മാസികയിലൂടെയാണ് അദ്ദേഹം മാധ്യമരംഗത്തേയ്ക്ക് കാലെടുത്തുവയ്ക്കുന്നത്. 1974ല്‍ തെലുങ്കില്‍ ഈനാടു ദിനപത്രം ആരംഭിച്ചത് മാധ്യമരംഗത്ത് വലിയ മാറ്റത്തിന് തിരികൊളുത്തി. ഇന്നത് ഏറ്റവും പ്രചാരമുള്ള തെലുങ്ക് ദിനപത്രമാണ്. മാഗസിന് ഡെലിവറി സംവിധാനം മുതല്‍ ഏജന്റുമാരുടെ നിയമനം വരെ എല്ലാ മേഖലകളിലും പുതിയ രീതികള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി. നേരം പുലരുന്നതിന് മുമ്പ് ദിനപത്രം വായനക്കാരുടെ വീട്ടില്‍ എത്തിച്ചാണ് രാമോജി റാവു പുതിയ അധ്യായത്തിന് തുടക്കമിട്ടത്. ഗ്രാമാന്തരങ്ങളിലേക്കും തെലുങ്കു പത്രപ്രവര്‍ത്തനത്തെ അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ പറിച്ചുനടുകയായിരുന്നു. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും തലസ്ഥാനത്തുനിന്നല്ല ഗ്രാമങ്ങളില്‍ നിന്നാണ് വാര്‍ത്തകള്‍ വരേണ്ടതെന്ന സങ്കല്‍പ്പമായിരുന്നു രാമോജി റാവുവിന്.
1999ല്‍ Eenadu.net ആരംഭിച്ചു. രണ്ട് ദശാബ്ദക്കാലം ന്യൂസ്ടൈം എന്ന ഇംഗ്ലീഷ് ദിനപത്രത്തെ വിജയകരമായി നയിക്കാനും അദ്ദേഹത്തിനായി. ഇലക്ട്രോണിക് മാധ്യമത്തില്‍ നൂതനമായ രീതികള്‍ കൊണ്ടുവന്നത് രാമോജി റാവു ആരംഭിച്ച ഇടിവിയാണ്. 1995 ആഗസ്ത് 27-ന് തെലുങ്കിലെ ആദ്യത്തെ 24 മണിക്കൂര്‍ ചാനല്‍ ആയി മാറി ഇടിവി. 2000 ഏപ്രിലില്‍ ഇടിവി ബംഗ്ലാ ആരംഭിച്ചു. തുടര്‍ന്ന് മൂന്ന് മാസത്തിനുള്ളില്‍ ഒരു മറാത്തി ചാനലും തുടങ്ങി. അഞ്ച് മാസത്തിനുള്ളില്‍ ഇടിവി കന്നഡ സംപ്രേഷണം ആരംഭിച്ചു. 2001 ഓഗസ്റ്റില്‍ ഇടിവി ഉര്‍ദുവില്‍ സംസാരിച്ചുതുടങ്ങി. 2002 ജനുവരിയില്‍ ഒരേ ദിവസം ആറ് ചാനലുകള്‍ ആരംഭിച്ച് മാധ്യമ ചരിത്രത്തില്‍ രാമോജി റാവു മറ്റൊരു വിപ്ലവം സൃഷ്ടിച്ചു.
2003 ഡിസംബറില്‍ ഇടിവി-2 വാര്‍ത്താ ചാനല്‍ ആരംഭിച്ചു. 13 ഭാഷകളില്‍ വാര്‍ത്തകള്‍ നല്കുന്ന ഏറ്റവും വലിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഇടിവി ഭാരത് എന്ന ഡിജിറ്റല്‍ മീഡിയ ഡിവിഷന് സൃഷ്ടിച്ചു. കുട്ടികള്‍ക്കായി എന്റര്‍ടെയിന്‍മെന്റ് പരിപാടികള്‍ എന്ന ആശയം രാമോജി റാവു മുന്നോട്ടുവച്ചു. 4 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്കായി 12 ഭാഷകളില്‍ കാര്‍ട്ടൂണ്‍ പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്ന ഇടിവി ബാല്ഭാരതിന്റെ പിറവിയിലേക്കാണ് അത് നയിച്ചത്. ആവേശമുണര്‍ത്തുന്ന വെബ് സീരീസ് ഫീച്ചര്‍ ചെയ്യുകയും പഴയകാലത്തെ എല്ലാ സിനിമാതാരങ്ങളെയും ലഭ്യമാക്കുകയും ചെയ്യുന്ന ഇടിവി വിന് ആപ്പ് ഉപയോഗിച്ച് ഒടിടി പ്ലാറ്റ്ഫോമിലേക്കും ഇടിവി പ്രവേശിച്ചു.
മയൂരി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, കലാഞ്ജലി ഷോപ്പിങ് മാള്‍, പ്രിയ അച്ചാറുകള്‍, എന്നിവയാണ് രാമോജി റാവുവിന്റെ മറ്റ് ബിസിനസ്സ് സംരംഭങ്ങള്‍. പ്രിയ അച്ചാറുകള്‍ യുകെ ഉള്‍പ്പെടെയുള്ള വിദേശരാഷ്ട്രങ്ങളിലും പ്രസിദ്ധമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: