ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ രാഷ്ട്രപതി ഭവനില്‍ പൂര്‍ത്തിയായി. രാഷ്ട്രപതി ഭവന്റെ നടുമുറ്റത്ത് പ്രത്യേകം തയാറാക്കിയ വേദിയിലാണ് നരേന്ദ്ര മോദിയും മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ഇന്ന് രാത്രി 7.15നുള്ള സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ അയല്‍രാജ്യങ്ങളിലെ രാഷ്ട്രനേതാക്കളടക്കമുള്ള പ്രമുഖര്‍ ദല്ഹിയിലെത്തിക്കഴിഞ്ഞു.
ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മാലദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു, സീഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നോത്, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ, ഭൂട്ടാന് പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇന്ന് രാത്രി രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു നേതാക്കള്‍ക്കായി പ്രത്യേക വിരുന്നൊരുക്കിയിട്ടുണ്ട്. ആദ്യം അയല്‍ക്കാര്‍ എന്ന മോദി നയവും കടല്‍ ബന്ധമുള്ള അയല്‍ക്കാരുമായുള്ള രാജ്യത്തിന്റെ നയതന്ത്ര ബന്ധവും കൂടുതല്‍ ശക്തമാകുന്നതിന്റെ തെളിവുകൂടിയാണ് സത്യപ്രതിജ്ഞയില്‍ സമീപ രാജ്യങ്ങളിലെ രാഷ്ട്ര നേതാക്കളുടെ സാന്നിധ്യം.
തുടര്‍ച്ചയായ മൂന്നാംവട്ടവും പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്ന നരേന്ദ്ര മോദിക്ക് ആശംസകളുമായി രാജ്യമാസകലമുള്ള ബിജെപി നേതാക്കളും ദല്‍ഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. രാഷ്ട്രപതി ഭവനില്‍ അയ്യായിരത്തോളം അതിഥികള്‍ക്കാണ് ക്രമീകരണങ്ങളൊരുക്കുന്നത്. കേരളത്തില്‍ നിന്ന് ജില്ലാ അധ്യക്ഷന്മാര് മുതലുള്ള നേതാക്കള്‍ക്കാണ് ക്ഷണം. വിവിധ മേഖലകളിലെ പ്രമുഖര്‍ക്കും പ്രത്യേക ക്ഷണക്കത്തുകള്‍ രാഷ്ട്രപതി ഭവനില്‍നിന്ന് അയച്ചിട്ടുണ്ട്. എന്നാല്‍, നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് പ്രതിപക്ഷം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചു. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് ഇപ്പോഴും മമത അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: