ഡല്ലാസ്: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയെ ചിരവൈരികളായ ബംഗ്ലാദേശ് തോല്‍പ്പിച്ചു. ഏറ്റക്കുറച്ചിലുകള്‍ക്കൊടുവില്‍ രണ്ട് വിക്കറ്റിന്റെ വിജയം ബംഗ്ലാദേശ് എത്തിപ്പിടിക്കുകയായിരുന്നു.
മത്സരത്തിന്റെ ടോസ് ബംഗ്ലാദേശിനായിരുന്നു. ലങ്കയെ ബാറ്റ് ചെയ്യാന്‍ വിട്ടു. പൊതുവെ വേഗം കുറഞ്ഞ അമേരിക്കയിലെ പിച്ചില്‍ ലങ്കയ്‌ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 20 ഓവറും മുടന്തി ബാറ്റ് ചെയ്ത ഇന്നിങ്‌സില്‍ ടീം ഒമ്പത് വിക്കറ്റിന്റെ നഷ്ടത്തില്‍ നേടിയത് 124 റണ്‍സ്.
ഓപ്പണര്‍ പതും നിസ്സംഗ നല്‍കിയ ഉജ്ജ്വല തുടക്കത്തെ ഏറ്റെടുക്കാന്‍ ആരുമുണ്ടായില്ല. മറുവശത്ത് രണ്ട് വിക്കറ്റുകള്‍ വീഴുമ്പോഴും നിസ്സംഗ കാര്യമാക്കാതെ പൊരുതി. 28 പന്തില്‍ താരം 47 റണ്‍സെടുത്താണ് പുറത്തായത്. പിന്നീട് ധനഞ്ജയ ഡി സില്‍വയും(21) ചാരിത് അസലങ്കയും(19) പൊരുതി നോക്കിയെങ്കിലും റണ്‍നിരക്ക് ഉയര്‍ത്താന്‍ സാധിക്കാതെ മടങ്ങി. ആഞ്ചെലോ മാത്യൂസ്(16) മോശമില്ലാത്ത പ്രകടനത്തോടെ പുറത്തായി. ബംഗ്ലാദേശിന്റെ റിഷാദ് ഹൊസെയ്‌നും മുസ്താഫിസുര്‍ റഹ്മാനും മൂന്ന് വീതം വിക്കറ്റുകള്‍ നേടിയാണ് ലങ്കയ്‌ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചത്.
ലങ്കയുടെ കുറഞ്ഞ സ്‌കോറിനെ മറികടക്കാനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിലേ തിരിച്ചടി നല്‍കാന്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. പക്ഷെ നാലാം വിക്കറ്റില്‍ ലിറ്റന്‍ ദാസി(36)നൊപ്പം ടവ്ഹിഡ് ഹൃദോയ് നടത്തിയ സിക്‌സര്‍ മേളം ബംഗ്ലാദേശിന് കളിയുടെ താളംകണ്ടെത്തിക്കൊടുത്തു. വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നെങ്കിലും ഹൃദോയ് നടത്തിയ വെടിക്കെട്ടിനെ തുടര്‍ന്ന് റണ്‍നിരക്ക് കുറഞ്ഞുകിട്ടിയത് ബംഗ്ലാദേശിന്റെ സമ്മര്‍ദ്ദം കുറച്ചു. പിന്നട് മഹ്മദുല്ല പുറത്താകാതെ നേടിയ 16 റണ്‍സ് ടീമിന് സുരക്ഷിത വിജയമൊരുക്കുകയായിരുന്നു. തന്‍സിം ഹസന്‍ സാകിബ് ഒരു റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: