ഗയാന: അത്ഭുതപ്പെടുത്തുന്ന വിജയമാര്‍ജിനാണ് കരുത്തരായ ന്യൂസിലന്‍ഡിനെതിരെ അഫ്ഗാനിസ്ഥാന് ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് പടയാളികള്‍ കിവിക്കൂട്ടത്തെ എറിഞ്ഞിട്ടത് വെറും 75 റണ്‍സില്‍. സ്വന്തമാക്കിയത് 84 റണ്‍സിന്റെ വിജയം.
ഓള്‍റൗണ്ട് മികവിലുള്ള ന്യൂസിലന്‍ഡ് അഫ്ഗാനിസ്ഥാന് മുന്നില്‍ തോല്‍ക്കണമെങ്കില്‍ ഏവരും പ്രതീക്ഷിക്കുക ഒരു ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ അറ്റപ്പറ്റെ നേടിയ വിജയമായിരിക്കും. പക്ഷെ ഭാരത സമയം ഇന്നലെ വെളുപ്പിന് നടന്ന മത്സരത്തില്‍ റാഷിദ് ഖാന് നയിക്കുന്ന അഫ്ഗാനിസ്ഥാന് സമ്പൂര്‍ണ ആധികാരികമായാണ് വിജയിച്ചത്. എതിരാളികള്‍ക്ക് മുന്നില്‍ ഇവര്‍ വച്ച ലക്ഷ്യം 160 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ തുടക്കം മുതലേ പതറിയ കെയന്‍ വില്യംസിന്റെ നേതൃത്വത്തിലുള്ള ന്യൂസിലന്‍ഡ് നിര അഫ്ഗാന് ബൗളര്‍മാരായ ഫസല്‍ഹഖ് ഫറൂഖി, നായകന് റാഷിദ് ഖാന് എന്നിവര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് കണ്ടത്. കിവീസ് നിരയില്‍ ആരും തന്നെ കാര്യമായ ചെറുത്തു നില്‍പ്പ് പോലും നടത്തിയില്ല. 15.2 ഓവര്‍ വരെ പിടിച്ചു നിന്ന ന്യൂസിലന്‍ഡ് ബാറ്റര്‍മാരില്‍ നിന്നും പറന്നത് ഒരേയൊരു സിക്സര്‍ മാത്രം. മാറ്റ് ഹെന്റിയാണ് ആ വമ്പന്‍ ഷോട്ടിന്റെ ഉടമ.
ടീമില്‍ രണ്ടക്കം കടന്നവരില്‍ ഒരാള്‍ കൂടിയാണ് സ്പെഷ്യലിസ്റ്റ് ബാറ്റര്‍ പോലുമല്ലാത്ത ഈ താരം. 12 റണ്‍സാണ് സംഭാവന ചെയ്തത്. 18 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സ് ആണ് ടോപ് സ്കോറര്‍. ആദ്യ സ്പെല്ലില് തന്നെ മൂന്ന് വിക്കറ്റും വീഴ്ത്തി ഫസല്‍ഹഖ് കിവികള്‍ക്ക് വലിയ ആഘാതമേല്‍പ്പിച്ചു. ഫിന് അല്ലെന്(പൂജ്യം) നേരിട്ട ആദ്യ പന്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡായി. ഡെവോന്‍ കോണ്‍വേ(എട്ട്), ഡാരില്‍ മിച്ചല്‍(അഞ്ച്) എന്നീ മികച്ച ബാറ്റര്‍മാര്‍ പെട്ടെന്ന് മടങ്ങി. 4.2 ഓവറില്‍ ടീം മൂന്നിന് 28 എന്ന നിലയിലായി. പിന്നീട് ദൗത്യം റാഷിദ് ഖാന് ഏറ്റെടുത്തു. നായകന് കെയന്‍ വില്ല്യംസണ്(ഒമ്പത്) പൊരുതിനൊക്കാന് ശ്രമിച്ച ഗ്ലെന്‍ ഫില്ലിപ്സ്, മാര്‍ക്ക് ചാപ്മന്‍(നാല്), മൈക്കല്‍ ബ്രെയ്സ്വെല്‍(പൂജ്യം) എന്നിവര്‍ റഷീദ് ഖാന് മുന്നില്‍ വീണതോടെ കിവിപ്പട ആടിയുലഞ്ഞു. പിന്നീടൊരു തിരിച്ചുകയറ്റത്തിന് അവര്‍ക്ക് തീരെ ശേഷിയുണ്ടായില്ല. പിച്ചിന്റെ ആനുകൂല്യം നന്നായി മുതലെടുത്ത് അഫ്ഗാന് പട ബാക്കി വിക്കറ്റുകളും വീഴ്ത്തി വിജയം നേടി. മുഹമ്മദ് നബി രണ്ട് വിക്കറ്റ് സംഭാവന ചെയ്തു.
നേരത്തെ ടോസ് നേടിയത് കെയന്‍ വില്ല്യംസണ് ആണ്. അഫ്ഗാനിസ്ഥാനെ ബാറ്റ് ചെയ്യാന്‍ വിട്ടു. പിച്ചിന്റെ ഗതി തിരിച്ചറിഞ്ഞ് തിടുക്കം കാട്ടാതെ സ്കോര്‍ ചലിപ്പിച്ച് അഫ്ഗാന് ഓപ്പണര്‍മാര്‍ നടത്തിയ പക്വമായ പ്രകടനമാണ് അവരുടെ വിജയത്തില്‍ നിര്‍ണായകമായത്. 14.3 ഓവറിലാണ് ഒന്നാം വിക്കറ്റ് വീണത്. ഓപ്പണര്‍മാരായ രഹ്മനുല്ല ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്നെടുത്തത് 103 റണ്‍സ്. അഞ്ച് വീതം സിക്സും ഫോറും അടിച്ച് അര്‍ദ്ധ സെഞ്ചുറി പ്രകടനവുമായി ഓപ്പണര്‍ രഹ്മനുല്ല ഗുര്‍ബാസ്(56 പന്തില്‍ 80) മികച്ചു നിന്നു. കളിയിലെ താരവുമായി. ഇബ്രാഹിം സദ്രാനും(44) നന്നായി പൊരുതി. ഇരുവരും നല്കിയ തുടക്കമാണ് പൊരുതാവുന്ന ടോട്ടല്‍ നേടിയെടുക്കുന്നതിന് അഫ്ഗാന് നിര്‍ണായകമായത്. അസ്മത്തുള്ള ഒമര്‍സായ് 22 റണ്‍സെടുത്തു. ട്രെന്റ് ബോള്‍ട്ടും മാറ്റ് ഹെന്റിയും കിവീസിനായി രണ്ട് വീതം വിക്കറ്റുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: