ന്യൂദല്‍ഹി: ശൈശവവിവാഹ, ബലാത്സംഗക്കേസുകളില്‍ നാല്പത്തൊമ്പതുകാരന് പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ച് ദല്‍ഹി തീസ് ഹസാരി കോടതി. 13 വയസുള്ളപ്പോള്‍ ബലാത്സംഗത്തിനും നിര്‍ബന്ധിത വിവാഹത്തിനും ഇരയായ പെണ്‍കുട്ടിക്ക് 10.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
ദല്‍ഹിയിലെ പ്രത്യേക പോക്സോ കോടതി ഈ വര്‍ഷം ഏപ്രില്‍ 30നാണ് ബിഹാര്‍ സ്വദേശിയായ പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് ജഡ്ജി അങ്കിത് മേത്ത പ്രതിക്ക് ശൈശവ വിവാഹത്തിലും ബലാത്സംഗ കേസിലും ഇന്നലെ പരമാവധി ശിക്ഷ വിധിച്ചു. 10.5 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് പുറമെ 15000 രൂപ പിഴയും പ്രതി അടയ്ക്കണം.
കുട്ടിക്കാലത്തെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഇരയെ സാഹചര്യങ്ങളുടെ സമ്മര്ദ്ദത്തില്പെടുത്തി പ്രതി ഉപയോഗിക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. മുത്തശ്ശിയുടെ മരണശേഷം, എന്റെ ഇഷ്ടത്തിന് വിരുദ്ധമായാണ് പ്രതിയെ വിവാഹം കഴിക്കാന്‍ സര്‍പഞ്ച് അടക്കമുള്ള ഗ്രാമവാസികള്‍ നിര്‍ബന്ധിച്ചതെന്ന് ഇര കോടതിയില്‍ പറഞ്ഞിരുന്നു. 2017 ഫെബ്രുവരി 23നാണ് ശൈശവവിവാഹത്തിന് പെണ്‍കുട്ടി വിധേയയായത്. പ്രതി നേരത്തെ രണ്ട് വിവാഹം കഴിച്ചയാളാണ്. അയാളുടെ ആദ്യ ഭാര്യക്ക് കൗമാരപ്രായക്കാരായ രണ്ട് പെണ്മക്കളുമുണ്ടായിരുന്നു. ക്രൂരമായ മര്‍ദനമാണ് തനിക്ക് പ്രതിയുടെ വീട്ടിലേല്ക്കേണ്ടി വന്നതെന്നും പരാതിക്കാരി കോടതിയെ ബോധിപ്പിച്ചു.
ദല്‍ഹി ലീഗല്‍ സര്‍വീസ് അതോറിറ്റിയാണ് (ഡിഎല്‍എസ്എ) അഭിഭാഷകനായ വീരേന്ദര്‍ വര്‍മയെ വിചാരണ കാലയളവില്‍ ഇരയ്ക്ക് നിയമസഹായം നല്കാന് നിയമിച്ചത്, പ്രതിക്ക് ശിക്ഷ വിധിച്ച തിസ് ഹസാരി കോടതിയുടെ തീരുമാനം സുപ്രധാനവും സ്വാഗതാര്‍ഹവുമാണെന്ന് ചൈല്‍ഡ് മാര്യേജ് ഫ്രീ ഇന്ത്യ (സിഎംഎഫ്ഐ) സ്ഥാപകന്‍ ഭുവന് റിഭു പറഞ്ഞു, ശൈശവവിവാഹം ബലാത്സംഗത്തിലേക്ക് നയിക്കുന്നുവെന്ന് ഒരിക്കല്‍ കൂടി സ്ഥാപിക്കുന്ന കേസാണിത്. ഭാരതത്തെ വികസിത രാജ്യമാക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാര്‍ ശൈശവവിവാഹം ഇല്ലാതാക്കുകയും 18 വയസ് വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുകയും വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: