ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് വ്യക്തമാക്കി ആംആദ്മി പാര്‍ട്ടി. ആപ്പ് നേതാവും ദല്‍ഹി സര്‍ക്കാരിലെ മന്ത്രിയുമായ ഗോപാല്‍ റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് പോരാടി, പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരുമായും ഒരു സഖ്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഇന്‍ഡി സഖ്യത്തിന്റെ യോഗത്തിന് പിന്നാലെയാണ് സഖ്യത്തിലെ പ്രധാന പാര്‍ട്ടിയില്‍ നിന്ന് ഇത്തരത്തിലുള്ള പ്രതികരണം പുറത്തുവന്നത്.
ആപ്പും കോണ്‍ഗ്രസും ചേര്‍ന്ന് ഇന്‍ഡി മുന്നണിയായാണ് ദല്‍ഹിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2014ലും 2019ലും ദല്‍ഹിയിലെ ഏഴു സീറ്റിലും വിജയിച്ച ബിജെപിയെ പരാജയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഏഴു സീറ്റിലും ഇന്‍ഡി സഖ്യം കനത്ത തോല്‍വി ഏറ്റുവാങ്ങുകയും ബിജെപി മുഴുവന്‍ സീറ്റിലും ഹാട്രിക് വിജയം നേടുകയും ചെയ്തു. എന്നാല്‍ സഖ്യമില്ലാതെ മത്സരിച്ച പഞ്ചാബില്‍ ആപ്പ് മൂന്നു സീറ്റ് നേടുകയും ചെയ്തിരുന്നു.
2025 ഫെബ്രുവരിയിലാണ് ദല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കേണ്ടത്. 70 മണ്ഡലങ്ങളാണ് ദല്‍ഹിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: